കൊച്ചി : വിമതരുടെ കൺവൻഷനിൽ സി പി എമ്മിനെതിരേ രൂക്ഷ വിമർശനമുന്നയിച്ച് പി കെ ശശി. പാലക്കാട് ജില്ലയിൽ ലോക്കൽ സെക്രട്ടറിയെ കള്ള് കുടിച്ചിരിക്കുമ...
കൊച്ചി : വിമതരുടെ കൺവൻഷനിൽ സി പി എമ്മിനെതിരേ രൂക്ഷ വിമർശനമുന്നയിച്ച് പി കെ ശശി. പാലക്കാട് ജില്ലയിൽ ലോക്കൽ സെക്രട്ടറിയെ കള്ള് കുടിച്ചിരിക്കുമ്പോൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി എന്നായിരുന്നു അദ്ദേഹം കൺവെൻഷനിൽ ആരോപിച്ചത്.
ഇത് വിമതരുടെ കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടെ കൺവെൻഷനാണെന്നുമായിരുന്നു ശശി വിശേഷിപ്പിച്ചത്. അഴിമതിയും സ്‌പിരിറ്റ് കച്ചവടവുമൊക്കെയാണ് പാർട്ടിയിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വപ്പെട്ട പാർട്ടി സ്ഥാനത്തിരിക്കുന്ന ഒരാൾ സ്‌പിരിറ്റ് കേസിൽ ഒന്നാം പ്രതിയാണെന്നും ശശി ചൂണ്ടിക്കാട്ടി.
ഈ അനീതിക്കും അധാർമികതയ്ക്കുമെതിരെ പാർട്ടിക്കകത്തുനിന്ന് പൊരുതിയവരെ നടപടിയെടുത്ത് പുറത്താക്കിയെന്നും ശശി പറഞ്ഞു. ഇത്തരത്തിൽ ചോദ്യം ചെയ്‌തതിൻ്റെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട ഒട്ടേറെ സഖാക്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ശശി പറഞ്ഞു.
'അധികാരം ഉപയോഗപ്പെടുത്തി എന്തെല്ലാം തോന്നിവാസങ്ങളാണ് പാലക്കാട് ജില്ലയിൽ ചെയ്‌തു കൂട്ടിയത്. എത്ര പേർക്കെതിരെ നടപടിയെടുത്തു. ക്രൂരമായി അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഇത് കമ്യൂണിസ്റ്റ് പാർട്ടി അനുവദിക്കാൻ പാടുണ്ടോ. പണപ്പിരിവിന് യാതൊരു കുറവുമില്ല. എല്ലാ മാസവും എന്തെങ്കിലും പിരിവുണ്ടാകും. ഇങ്ങനെ പിരിവുണ്ടായ കാലം ഉണ്ടായിട്ടില്ല.' ശശി പറഞ്ഞു.
കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്‌സ് ഓഫ് വടക്കഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്‌മകളും കൺവെൻഷനിൽ പങ്കെടുത്തു. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസിക പിന്തുണ തങ്ങൾക്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് നേതാവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ എം. സതീഷ് പറഞ്ഞു.
Key Words : PK Sasi, CPM, Local secretary, Palakkad

COMMENTS