തളിപ്പറമ്പ്: സി.പി.എമ്മിനെ തകർക്കാനല്ല, മറിച്ച് പാർട്ടിയിലെ തെറ്റായ പ്രവണതകളെ തിരുത്താനാണ് താൻ മത്സരരംഗത്തിറങ്ങിയതെന്ന് യു.ഡി.എഫ് സ്വതന്ത്ര ...
തളിപ്പറമ്പ്: സി.പി.എമ്മിനെ തകർക്കാനല്ല, മറിച്ച് പാർട്ടിയിലെ തെറ്റായ പ്രവണതകളെ തിരുത്താനാണ് താൻ മത്സരരംഗത്തിറങ്ങിയതെന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ ഗോവിന്ദൻ. തളിപ്പറമ്പ് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്.
സി.പി.എമ്മിൽ നിലവിൽ ഏകാധിപത്യപരമായ രീതികളാണ് നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ടി.കെ ഗോവിന്ദൻ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റാണ് ശ്യാമളയുടെ പേര് ശുപാർശ ചെയ്തതെന്ന വാദം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കുക എന്നത് എം.വി ഗോവിന്ദന്റെ വ്യക്തിപരമായ താൽപ്പര്യമാണ്. തന്റെ പിൻഗാമിയായി ഭാര്യ തന്നെ വരണമെന്ന് ആഗ്രഹിക്കുന്നതിൽ വലിയ ദുരൂഹതയുണ്ട്. ഇത് മാധ്യമങ്ങൾ അന്വേഷിച്ചു കണ്ടെത്തണം. സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ ജില്ലാ നേതൃത്വം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു," ടി.കെ ഗോവിന്ദൻ ആരോപിച്ചു.
സ്ഥാനാർത്ഥി ചർച്ചയിൽ ഉയർന്നുവന്ന മുഴുവൻ പേരുകളും സംസ്ഥാന സെക്രട്ടേറിയറ്റിൽ അവതരിപ്പിക്കാതെ, ആസൂത്രിതമായ നീക്കത്തിലൂടെയാണ് പി.കെ ശ്യാമളയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിലെ കുടുംബവാഴ്ചയ്ക്കും ജനാധിപത്യ വിരുദ്ധതയ്ക്കുമെതിരെയുള്ള പോരാട്ടമായാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
Key Words : CPM, TK Govindan, MV Govindan, Taliparamb

COMMENTS