ന്യൂഡൽഹി : ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയെ വധിക്കാനുള്ള ലക്ഷ്യം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു 2025 നവംബറിൽ ...
ന്യൂഡൽഹി : ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയെ വധിക്കാനുള്ള ലക്ഷ്യം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു 2025 നവംബറിൽ തന്നെ നിശ്ചയിച്ചിരുന്നതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് വെളിപ്പെടുത്തി.
നവംബറിൽ പ്രധാനമന്ത്രിയുമായി നടത്തിയ അതീവ രഹസ്യമായ ഒരു 'ചെറിയ ഫോറം' ചർച്ചയിലാണ് ഖമനയിയെ വധിക്കാനുള്ള തീരുമാനമെടുത്തതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
തുടക്കത്തിൽ 2026 പകുതിയോടെ (ജൂൺ മാസത്തോടടുത്ത്) ഈ ദൗത്യം നടപ്പിലാക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് സമയം മാറ്റുകയായിരുന്നു.
ആദ്യം ഇസ്രയേൽ ഈ പദ്ധതി അമേരിക്കയുമായി പങ്കുവെച്ചിരുന്നില്ല. സ്വന്തം നിലയിൽ ദൗത്യം പൂർത്തിയാക്കാനായിരുന്നു പ്ലാൻ. എന്നാൽ പിന്നീട് അമേരിക്കയുമായി ചർച്ചകൾ നടത്തുകയും ഫെബ്രുവരിയിൽ സംയുക്തമായി ആക്രമണം നടത്തുകയുമായിരുന്നു.
ഫെബ്രുവരി 28 ശനിയാഴ്ച അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഖമനയി കൊല്ലപ്പെട്ടു.
ഇറാനിൽ പ്രക്ഷോഭങ്ങൾ ശക്തമായതോടെ ഭരണകൂടം ഇസ്രയേലിനോ അമേരിക്കയ്‌ക്കോ എതിരെ പ്രത്യാക്രമണം നടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് വധശിക്ഷാ പദ്ധതി നേരത്തെയാക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഖമനയിയുടെ മരണത്തിന് പിന്നാലെ ഇറാൻ്റെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിൻ്റെ മകൻ മൊജ്തബ ഖമനയിയെയും വധിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Key Words : Benjamin Netanyahu, Khamenei Assassination, Israeli Defense Minister reveals

COMMENTS