ദുബായ്/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ പ്രധാന വാതകപ്പാടമായ സൗത്ത് പാർസിന് നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ...
ദുബായ്/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ പ്രധാന വാതകപ്പാടമായ സൗത്ത് പാർസിന് നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, തിരിച്ചടിയായി അയൽരാജ്യങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലെ പ്രമുഖ എണ്ണ സംസ്കരണശാലകൾക്കും വാതക പ്ലാന്റുകൾക്കും നേരെയാണ് ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ വാതക നിക്ഷേപ കേന്ദ്രമായ സൗത്ത് പാർസിലെ ഇറാനിയൻ മേഖലയിലാണ് ബുധനാഴ്ച ഇസ്രയേൽ ശക്തമായ ആക്രമണം നടത്തിയത്. വ്യോമാക്രമണത്തിൽ വാതക ടാങ്കുകൾക്കും പ്രധാന റിഫൈനറിക്കും കേടുപാടുകൾ സംഭവിച്ചു. ഇതോടെ ഇറാനിലുടനീളം ഇന്ധന വിതരണം തടസ്സപ്പെടുകയും രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിലാവുകയും ചെയ്തു.
ഇസ്രയേലിനെ സഹായിക്കുന്നു എന്നാരോപിച്ചാണ് ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെച്ചത്. ലോകത്തെ പ്രധാന എൽ.എൻ.ജി കേന്ദ്രമായ റാസ് ലഫാൻ പ്ലാന്റിന് നേരെ ഇറാൻ മിസൈൽ തൊടുത്തുവിട്ടു. ഇവിടെ വൻ തീപിടുത്തം ഉണ്ടായതായാണ് റിപ്പോർട്ട്.
യൻബുവിലെ സാംറെഫ് ഓയിൽ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായി. അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിന് നേരെയും ആക്രമണമുണ്ടായി. സുരക്ഷ മുൻനിർത്തി ഇവിടുത്തെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു.
കുവൈത്തിലെ മിന അൽ അഹമ്മദി റിഫൈനറിയിലും ഡ്രോൺ ആക്രമണത്തെത്തുടർന്ന് സ്ഫോടനമുണ്ടായി.ആക്രമണങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 115 ഡോളർ കടന്നു. വിതരണം തടസ്സപ്പെടുമെന്ന ഭീതി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വില വർദ്ധിക്കാൻ സാധ്യതയുണ്ട്.
ആക്രമണത്തെ ഖത്തറും സൗദിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുമെന്നും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നും ഖത്തർ അറിയിച്ചു. അതിനിടെ, ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങൾ ഇനിയും ആക്രമിച്ചാൽ ഇറാന്റെ വാതകപ്പാടങ്ങൾ പൂർണ്ണമായും തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്.
Key words : Middle East, Iran War, Israel Attack, Iran gas field

COMMENTS