ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസ്ഹറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഈദ് പ്രമാണിച്ചു പുറത...
ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസ്ഹറിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഈദ് പ്രമാണിച്ചു പുറത്തുവിട്ട അദ്ദേഹത്തിന്റെ 21 മിനിറ്റ് നീളമുള്ള പുതിയ ഓഡിയോ സന്ദേശമാണ് ഇത്തരം ചർച്ചകൾക്ക് വഴിതുറന്നത്.
സാധാരണയായി ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുന്ന അസ്ഹർ, ഈ പുതിയ സന്ദേശത്തിൽ വളരെ അവശനായാണ് സംസാരിക്കുന്നത്. പ്രസംഗത്തിലുടനീളം അദ്ദേഹം വിറയ്ക്കുന്ന ശബ്ദത്തോടെ സംസാരിക്കുകയും നിരന്തരം ചുമയ്ക്കുകയും ചെയ്യുന്നുണ്ട്.
തന്റെ ആരോഗ്യത്തിനായി അനുയായികൾ പ്രാർത്ഥിക്കണമെന്ന് അദ്ദേഹം സന്ദേശത്തിന്റെ അവസാനം അഭ്യർത്ഥിക്കുന്നു. സാധാരണയായി തന്റെ ദൗർബല്യങ്ങൾ പുറത്തുവിടാത്ത അസ്ഹർ ഇത്തരമൊരു അഭ്യർത്ഥന നടത്തിയത് അദ്ദേഹം മരണാസന്നനാണെന്ന സൂചനയായാണ് ഇന്റലിജൻസ് ഏജൻസികൾ കാണുന്നത്.
അസ്ഹർ രോഗബാധിതനായതോടെ സംഘടനയിൽ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായിട്ടുണ്ട്. അസ്ഹറിന്റെ സഹോദരൻ അബ്ദുൾ റൗഫ് അസ്ഗർ നേതൃസ്ഥാനത്തേക്ക് വരുമെന്നാണ് സൂചന.
വർഷങ്ങളായി നട്ടെല്ല് സംബന്ധമായ അസുഖവും വൃക്കരോഗവും അസ്ഹറിനെ അലട്ടുന്നുണ്ടായിരുന്നു. പാകിസ്ഥാനിലെ സൈനിക ആശുപത്രിയിൽ ഇയാൾ ചികിത്സയിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും പാക് അധികൃതർ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലെ പാർലമെന്റ് ആക്രമണം, പുൽവാമ ആക്രമണം തുടങ്ങി നിരവധി ഭീകരപ്രവർത്തനങ്ങളുടെ മുഖ്യ സൂത്രധാരനായ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words : Masood Azhar, Terrorist

COMMENTS