പത്തനാപുരം: സോളർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന ആരോപണങ്ങൾക്കിടെ, പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ജ്യോ...
പത്തനാപുരം: സോളർ വിവാദത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന ആരോപണങ്ങൾക്കിടെ, പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് മരിയ ഉമ്മൻ. പത്തനാപുരം നിയോജക മണ്ഡലത്തിൽ വീടുവീടാന്തരം കയറി വോട്ട് ചോദിച്ച മരിയ, തന്റെ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും ക്ഷമാശീലത്തെയും കുറിച്ച് വികാരാധീനയായി സംസാരിച്ചു.
"പ്രതികാരം എന്ന വാക്ക് അപ്പയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു. തന്നെ കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച പാരമ്പര്യമാണ് ഉമ്മൻ ചാണ്ടിയുടേത്," മരിയ ഉമ്മൻ പറഞ്ഞു. സോളർ വിവാദത്തിലെ പ്രതിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്തതിന് പിന്നിൽ നിലവിലെ എംഎൽഎ കെ.ബി. ഗണേഷ് കുമാറാണെന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മരിയയുടെ ഈ പരാമർശം ശ്രദ്ധേയമാകുന്നത്.
പത്തനാപുരത്ത് ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയ്ക്ക് വൻ വിജയം ഉണ്ടാകുമെന്നും മരിയ പ്രത്യാശ പ്രകടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയായ ജ്യോതികുമാർ ചാമക്കാല രണ്ടാം തവണയാണ് പത്തനാപുരത്ത് നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നത്. മരിയ ഉമ്മന്റെ സന്ദർശനം മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്.
Key Words : Maria Oommen, Pathanapuram, Ganesh Kumar

COMMENTS