കോന്നി: എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിടെ ചോദ്യം ചോദിക്കാനെത്തിയ പ്രവർത്തകനോട് 'വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് പറഞ്ഞ് മുഖ്യമന്ത്രി ...
കോന്നി: എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിടെ ചോദ്യം ചോദിക്കാനെത്തിയ പ്രവർത്തകനോട് 'വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട കോന്നി മണ്ഡലം ഇടത് സ്ഥാനാർഥി കെ.യു. ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സംഭവം.
മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ സദസ്സിലുണ്ടായിരുന്ന ഒരാൾ സ്റ്റേജിന് അരികിലെത്തി തനിക്കൊരു ചോദ്യമുണ്ടെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഉടൻ തന്നെ മൈക്കിലൂടെ പ്രതികരിച്ചു. "എനിക്കൊരു ചോദ്യമുണ്ടെന്ന്" പ്രവർത്തകൻ ആവർത്തിച്ചപ്പോൾ, "ചോദ്യമുണ്ടെങ്കിൽ വീട്ടിൽ പോയി ചോദിച്ചാൽ മതി" എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സംഭവം നടന്ന ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തകനെ സ്റ്റേജിന് സമീപത്തുനിന്ന് നീക്കം ചെയ്തു. തുടർന്ന് മുഖ്യമന്ത്രി തന്റെ പ്രസംഗം തുടരുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രവർത്തകനാണ് ഇത്തരത്തിൽ പെരുമാറിയതെന്നാണ് പ്രാഥമിക വിവരം. പൊതുവേദിയിൽ പ്രസംഗം തടസ്സപ്പെടുത്തിയതിനെതിരെ മുഖ്യമന്ത്രി പിന്നീട് വിമർശനം ഉന്നയിക്കുകയും ചെയ്തു.
കേന്ദ്രം കിഫ്‌ബി ഫണ്ട് തടഞ്ഞ സാഹചര്യത്തിൽ ഭാവി വികസനത്തിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ചോദിക്കാനാണ് താൻ ശ്രമിച്ചതെന്ന് ദാസ് പി. ജോർജ് പിന്നീട് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രസംഗം തടസ്സപ്പെടുത്തിയതിൽ തനിക്ക് തെറ്റുപറ്റിയതായും അദ്ദേഹം സമ്മതിച്ചു.
Key Words : CM Pinarayi Vijayan, Speech, CPM

COMMENTS