വാഷിംഗ്ടൺ: ഇറാന്റെ ആണവായുധ ശേഷിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളി മുൻ ഭീകരവിരുദ്ധ വിഭാഗം മ...
വാഷിംഗ്ടൺ: ഇറാന്റെ ആണവായുധ ശേഷിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളി മുൻ ഭീകരവിരുദ്ധ വിഭാഗം മേധാവി ജോ കെന്റ്. ഇറാൻ ആണവായുധ നിർമ്മാണത്തിന് അടുത്തുപോലും എത്തിയിട്ടില്ലെന്നും, ട്രംപ് ഭരണകൂടം ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് യുദ്ധത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC) ഡയറക്ടർ സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെയാണ് ജോ കെന്റിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്നതിന് യാതൊരു തെളിവുകളുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2004 മുതൽ ആണവായുധങ്ങൾക്കെതിരെ ഇറാൻ പുറപ്പെടുവിച്ചിട്ടുള്ള മതപരമായ വിലക്ക് (ഫത്വ) നിലനിൽക്കുന്നുണ്ടെന്നും അത് ലംഘിക്കപ്പെട്ടതായി ഇന്റലിജൻസ് റിപ്പോർട്ടുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ആണവായുധ നിർമ്മാണത്തിന് വെറും രണ്ടാഴ്ച മാത്രം അകലെയാണെന്ന ട്രംപിന്റെ വാദം തെറ്റാണെന്ന് കെന്റ് ആരോപിച്ചു. അമേരിക്കയെ ഇറാനുമായി യുദ്ധത്തിലേക്ക് നയിച്ചത് ഇസ്രായേലിന്റെയും യുഎസിലെ ശക്തമായ ഇസ്രായേൽ അനുകൂല ലോബിയുടെയും സമ്മർദ്ദമാണെന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ കുറിച്ചു. 2025 ജൂലൈയിൽ ചുമതലയേറ്റ ജോ കെന്റ്, ഇറാൻ വിഷയത്തിൽ പ്രതിഷേധിച്ച് ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ്.
അതേസമയം, ജോ കെന്റിന്റെ രാജിയെ ട്രംപ് സ്വാഗതം ചെയ്തു. ദേശീയ സുരക്ഷയുടെ കാര്യത്തിൽ കെന്റ് തികഞ്ഞ പരാജയമാണെന്നും, ശത്രുക്കളെ തിരിച്ചറിയാത്തവർക്ക് തന്റെ സർക്കാരിൽ സ്ഥാനമില്ലെന്നും ട്രംപ് പ്രതികരിച്ചു.
Key Words : Joe Kent , Donald Trump:

COMMENTS