അബുദാബി/റിയാദ്: ഗൾഫ് മേഖലയെ നടുക്കി വിവിധ ജിസിസി രാജ്യങ്ങളിൽ ഇറാന്റെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് ...
അബുദാബി/റിയാദ്: ഗൾഫ് മേഖലയെ നടുക്കി വിവിധ ജിസിസി രാജ്യങ്ങളിൽ ഇറാന്റെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങൾ.
അബുദാബിയിലെ പ്രമുഖ വ്യവസായ കേന്ദ്രമായ കെസാദ് (KEZAD) സാമ്പത്തിക മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ യുഎഇയുടെ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തകർക്കുകയായിരുന്നു. ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. ആക്രമണത്തെത്തുടർന്ന് കെസാദിലെ രണ്ട് ഇടങ്ങളിൽ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. താവളത്തിലെ ചില യുദ്ധവിമാനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഒമാനിലെ സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ തുറമുഖത്തെ ഒരു ക്രെയിനിന് കേടുപാടുകൾ സംഭവിക്കുകയും പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു. കുവൈറ്റിൽ വിമാനത്താവളത്തിന് നേരെയുണ്ടായ നീക്കത്തിൽ റഡാർ സംവിധാനത്തിന് തകരാർ സംഭവിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലും ഇറാൻ ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായാണ് വിവരം. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ജിസിസി രാജ്യങ്ങൾ സുരക്ഷാ നടപടികൾ കർശനമാക്കിയിട്ടുണ്ട്.

COMMENTS