ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്കിയൻ അയൽരാജ്യങ്ങളോട് പരസ്യമായി ക്ഷമാപണം നടത്തിയതിന് പിന്നാലെയും ഗൾഫ് മേഖലയിൽ വീണ്ടും ശക്തമായ ആക്രമണങ്ങ...
ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്കിയൻ അയൽരാജ്യങ്ങളോട് പരസ്യമായി ക്ഷമാപണം നടത്തിയതിന് പിന്നാലെയും ഗൾഫ് മേഖലയിൽ വീണ്ടും ശക്തമായ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാത്രി വൈകി ബഹ്‌റൈൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ വീണ്ടും സ്‌ഫോടന ശബ്ദങ്ങൾ കേട്ടു.
ബഹ്‌റൈനിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി സാക്ഷികൾ പറഞ്ഞു. ഇത് മിസൈലുകൾ പതിച്ചതാണോ അതോ പ്രതിരോധ സംവിധാനങ്ങൾ തകർത്തതാണോ എന്ന് വ്യക്തമല്ല. ബഹ്‌റൈനിലെ യുഎസ് താവളങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി അവകാശപ്പെട്ടു.
ഖത്തറിലും യുഎഇ തലസ്ഥാനമായ അബുദാബിയിലും ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മിസൈൽ ഭീഷണി നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും സുരക്ഷിതമായി തുടരണമെന്നും യുഎഇയുടെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.
യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. അയൽരാജ്യങ്ങൾ ഇറാന്റെ മേൽ ആക്രമണത്തിന് മുതിരാത്ത പക്ഷം അവരെ ആക്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക നടത്തുന്ന ആക്രമണങ്ങളിൽ പ്രാദേശിക രാജ്യങ്ങൾ സഹകരിച്ചില്ലെങ്കിൽ അവരെ ആക്രമിക്കില്ല എന്നാണ് പ്രസിഡന്റ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പിന്നീട് വിശദീകരിച്ചു.
യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ യുഎഇക്ക് നേരെ മാത്രം 221 ബാലസ്റ്റിക് മിസൈലുകളും 1,305 ഡ്രോണുകളും ഇറാൻ പ്രയോഗിച്ചിട്ടുണ്ട്. ഈ ആക്രമണങ്ങളിൽ യുഎഇയിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Key Words : Iran War, Gulf

COMMENTS