ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് ദിനപത്രമാ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ ഭരണകൂടത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് ദിനപത്രമായ 'ടെഹ്‌റാൻ ടൈംസ്'. "നരകത്തിലേക്ക് സ്വാഗതം" (Welcome to Hell) എന്ന പ്രകോപനപരമായ തലക്കെട്ടോടെയാണ് പത്രം പുതിയ ലക്കം പുറത്തിറക്കിയിരിക്കുന്നത്. ഇറാൻ മണ്ണിൽ കാൽകുത്തുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിലേ മടങ്ങൂ എന്ന ശക്തമായ മുന്നറിയിപ്പാണ് റിപ്പോർട്ടിലുള്ളത്.
മേഖലയിലേക്ക് 10,000 അധിക സൈനികരെ വിന്യസിക്കാനുള്ള വാഷിംഗ്ടണിന്റെ നീക്കത്തോടുള്ള ഇറാന്റെ ഔദ്യോഗിക പ്രതികരണമായാണ് ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നത്. യുഎസ് സൈനികർ വിമാനത്തിലേക്ക് നടന്നുപോകുന്ന ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ച വാർത്തയിൽ, അധിനിവേശശ്രമം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പത്രം ഓർമ്മിപ്പിക്കുന്നു.
ഇറാൻ മണ്ണിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന യുഎസ് സൈനികർക്ക് തിരികെ പോകാൻ ശവപ്പെട്ടികൾ തയ്യാറായിരിക്കുമെന്ന് പത്രം നേരിട്ട് മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു നീക്കത്തെയും പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.
അമേരിക്കൻ അധിനിവേശം ഉണ്ടായാൽ മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികളെ (ഹൂതികൾ ഉൾപ്പെടെയുള്ള പ്രോക്സി ഗ്രൂപ്പുകൾ) ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ, ടെഹ്‌റാൻ ടൈംസിന്റെ ഈ പ്രകോപനപരമായ നിലപാട് വരുംദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിക്കും.
Key Words : Iran War, America, American soldier

COMMENTS