ദുബായ്/ ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. പേർഷ്യൻ ഗൾഫിലെ എണ്ണക്കപ്പലുകളെയും ഇന്ധന സംഭരണശാലകളെയും ലക്ഷ്യമിട...
ദുബായ്/ ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. പേർഷ്യൻ ഗൾഫിലെ എണ്ണക്കപ്പലുകളെയും ഇന്ധന സംഭരണശാലകളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം കടുപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെ മേഖലയിലെ വിവിധ രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ, ഇറാഖ്, ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണമുണ്ടായത്.
അതേസമയം, ഇറാനിൽ നിന്ന് തങ്ങളുടെ ഭൂപ്രദേശത്തേക്ക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്രായേൽ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ മധ്യ-വടക്കൻ മേഖലകളിൽ അപായ സൈറണുകൾ മുഴങ്ങി. ഇസ്രായേലിന് നേരെ പുതിയ തരംഗത്തിലുള്ള മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഹിസ്ബുള്ളയും ഈ ആക്രമണത്തിൽ പങ്കുചേർന്നതായാണ് വിവരം.
ഇതിനിടെ, ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇറാഖ് സമുദ്രപരിധിയിൽ രണ്ട് വിദേശ എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. അണ്ടർവാട്ടർ ഡ്രോണുകൾ ഉപയോഗിച്ചാണ് കപ്പലുകൾ തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 38 പേരെ രക്ഷപ്പെടുത്തി. ഇറാഖിലെ എർബിൽ വിമാനത്താവളത്തിന് സമീപവും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിലുള്ള ഇന്ധന ടാങ്കുകൾക്ക് നേരെയും ആക്രമണമുണ്ടായി. പുക ശ്വസിക്കുന്നത് ഒഴിവാക്കാൻ ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. സൗദി അറേബ്യയുടെ എണ്ണപ്പാടങ്ങൾ സ്ഥിതി ചെയ്യുന്ന കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ 20-ലധികം ഡ്രോണുകളെ പ്രതിരോധ സേന തകർത്തു.
യു.എ.ഇയിൽ ദുബായ് ക്രീക്ക് ഹാർബറിന് സമീപം ഡ്രോൺ വീണ് നേരിയ തീപിടുത്തമുണ്ടായി. കുവൈത്തിലും ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ-ഡ്രോൺ ഭീഷണികളെ ശക്തമായി നേരിടുകയാണെന്ന് യു.എ.ഇയും കുവൈത്തും അറിയിച്ചു.
Key Words : Iran War, Oil Tankers, Gulf

COMMENTS