ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ ഗതാഗതം പു...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ ഗതാഗതം പുനരാരംഭിക്കാൻ ഇറാൻ അനുമതി നൽകി. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ നിർണായകമായ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനം.
ഇന്ത്യൻ പതാക വഹിച്ച 'പുഷ്പക്', 'പരിമൾ' എന്നീ രണ്ട് എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്.
യുഎസ്-ഇസ്രായേൽ സംഘർഷം മൂലം മേഖലയിൽ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഇന്ത്യയുടെ ഊർജ്ജ സുരക്ഷ കണക്കിലെടുത്ത് കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കാൻ ധാരണയായത്.
നിലവിൽ 28 ഇന്ത്യൻ കപ്പലുകൾ ഈ മേഖലയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാൻ ഷിപ്പിംഗ് മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.
അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി ബന്ധമുള്ള കപ്പലുകൾക്ക് ഇറാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. അനുമതിയില്ലാതെ പ്രവേശിക്കുന്ന കപ്പലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇറാൻറെ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 85-90 ശതമാനവും ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 35 ശതമാനത്തോളവും ഈ പാതയിലൂടെയാണ് നടക്കുന്നത്. അതിനാൽ തന്നെ ഈ നയതന്ത്ര വിജയം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
മുമ്പ് തായ്‌ലൻഡ് പതാകയുള്ള ഒരു ചരക്ക് കപ്പൽ മേഖലയിൽ ആക്രമിക്കപ്പെട്ടത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയവും ഇറാനുമായുള്ള സൗഹൃദവുമാണ് നിലവിലെ പ്രതിസന്ധിയിലും കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കാൻ സഹായിച്ചത്.
Key Words : Iran, Indian ships, Strait of Hormuz, India, Diplomatic Victory

COMMENTS