ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ഖമനയി ...
ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ഖമനയി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഈ പ്രതികരണം വരുന്നത്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു. ഖമേനിയുടെ മരണത്തിന് ശേഷം ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.
ഖമേനിയുടെ മരണത്തിൽ കേന്ദ്ര സർക്കാർ തുടക്കത്തിൽ പുലർത്തിയ മൗനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ സർക്കാരിന്റെ ഈ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഖമനയിയെ വധിച്ച ഇസ്രയേൽ-യുഎസ് നടപടിയെ അപലപിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല.
സൈനിക നീക്കങ്ങളിലൂടെ ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ, ഇരുപക്ഷത്തെയും പിണക്കാതെയുള്ള ഒരു സന്തുലിത നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്.
Key Words : Khamenei's death, India, Iranian embassy, Condolences

COMMENTS