ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ പാർട്ടിയെ ചതിച്ചെന്നും 63 വർഷക്കാലം ഒപ്പം നിർത്തിയ ...
ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ പാർട്ടിയെ ചതിച്ചെന്നും 63 വർഷക്കാലം ഒപ്പം നിർത്തിയ പ്രസ്ഥാനത്തെ തള്ളിപ്പറയുന്നത് ശരിയല്ലെന്നും സജി ചെറിയാൻ പറഞ്ഞു. സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പാർട്ടി കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലപാടുകൾ പറയേണ്ടിയിരുന്നത് പാർട്ടിക്ക് അകത്താണ്. അല്ലാതെ പുറത്തുപോയി പാർട്ടിയെ ചതിക്കുന്ന നിലപാട് സ്വീകരിച്ചത് തെറ്റായ നടപടിയാണ്. 63 വർഷക്കാലം പ്രവർത്തിച്ച പ്രസ്ഥാനത്തോട് എന്ത് ദ്രോഹമാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. പാർട്ടി ഒരു ദ്രോഹവും സുധാകരനോട് ചെയ്തിട്ടില്ല. അർഹമായ ഒട്ടേറെ സ്ഥാനമാനങ്ങൾ നൽകി അദ്ദേഹത്തെ എന്നും പരിഗണിച്ചിട്ടുണ്ട്. ഞങ്ങളായിട്ട് ആരെയും പുറത്താക്കിയിട്ടില്ല. ആലപ്പുഴയിൽ രാഷ്ട്രീയ ക്രിമിനലുകളെ വളർത്തുന്ന രീതിയല്ല പാർട്ടിക്കുള്ളത്. പൊളിറ്റിക്കൽ ഗുണ്ടകൾ എന്ന് സുധാകരൻ വിശേഷിപ്പിച്ചത് ആരെയാണെന്ന് വ്യക്തമാക്കണം.
അദ്ദേഹമടക്കമുള്ളവരാണ് പാർട്ടിയെ നയിച്ചത്, അങ്ങനെയെങ്കിൽ അദ്ദേഹമടക്കം ഗുണ്ടയാകേണ്ടി വരും. തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ആഗ്രഹമെങ്കിൽ അത് പറഞ്ഞിട്ട് ഇറങ്ങിപ്പോകണമായിരുന്നു. വിട്ടുപിരിഞ്ഞു പോകുമ്പോൾ ഇല്ലാത്ത ന്യായങ്ങൾ പറയുന്നത് ശരിയല്ല. ഇന്നലെ വൈകിട്ടും അദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. അദ്ദേഹം പാർട്ടിക്കൊപ്പം നിൽക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്.
കോൺഗ്രസ് തകർച്ചയുടെ പാതയിലാണ്. കാലുമാറി വരുന്നവരെ എവിടെനിന്ന് കിട്ടിയാലും സ്ഥാനാർത്ഥികളാക്കാൻ നടക്കുകയാണ് അവർ. എന്തിനാണ് ഇത്തരക്കാരെ മത്സരിപ്പിക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും സജി ചെറിയാൻ പറഞ്ഞു.
തനിക്കെതിരെ സുധാകരൻ നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും, സുധാകരനെതിരെയുള്ള കമ്മീഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Key words : Saji Cherian, G Sudhakaran

COMMENTS