If a foreign country attacks Pakistan, they would target India, says former Pak envoy
അഭിനന്ദ്
ന്യൂഡല്‍ഹി : അമേരിക്കയോ മറ്റേതെങ്കിലും വിദേശ രാജ്യമോ പാകിസ്ഥാനെ ആക്രമിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ നമ്മള്‍ മുംബയ് അല്ലെങ്കില്‍ ന്യൂഡല്‍ഹിയില്‍ ബോംബിടണമെന്നും പിന്നീട് എന്ത് സംഭവിക്കുമെന്ന് നമുക്ക് അപ്പോള്‍ നോക്കാമെന്നും ഇന്ത്യയിലെ മുന്‍ പാകിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത്.
ഇയാളുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോള്‍ ഇറാന്‍ ഗള്‍ഫിലെമ്പാടും മിസൈലുകള്‍ തൊടുക്കുന്നതു പോലെ, ഒരു വിദേശ രാജ്യം പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിയായി ഇന്ത്യയെ ലക്ഷ്യമിടുമെന്നാണ് ബാസിത് പറയുന്നത്.
നിലവില്‍ അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സംഘര്‍ഷം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതിനോട് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും, സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഒരു സാങ്കല്‍പ്പിക യുദ്ധത്തെക്കുറിച്ചാണ് ബാസിത് പറയുന്നത്. ഇതൊരു അങ്ങേയറ്റത്തെ സാഹചര്യം മാത്രമാണെന്ന് ബാസിത് വിശേഷിപ്പിച്ചെങ്കിലും, പ്രധാന ഇന്ത്യന്‍ നഗരങ്ങളെ നേരിട്ട് പരാമര്‍ശിച്ചത് പെട്ടെന്ന് തന്നെ ചര്‍ച്ചയായി. ഈ സാഹചര്യം അസാധ്യമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ബാസിത്, പക്ഷേ തന്റെ വാദത്തില്‍ ഉറച്ചുനിന്നു. 'ആരെങ്കിലും നമ്മളെ മോശമായ കണ്ണോടെ നോക്കിയാല്‍, ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ആക്രമിക്കുകയല്ലാതെ പാകിസ്ഥാന് മറ്റ് വഴികളുണ്ടാകില്ല,' ബാസിത് കൂട്ടിച്ചേര്‍ത്തു.
2014 മുതല്‍ 2017 വരെ ഇന്ത്യയിലെ പാകിസ്ഥാന്‍ നയതന്ത്രജ്ഞനായിരുന്ന ബാസിത്തിന്റെ ഈ പ്രസ്താവന അതീവ ഗൗരവത്തോടെയാണ് നിരീക്ഷകര്‍ കാണുന്നത്.
അമേരിക്ക പാകിസ്ഥാനെ ആക്രമിക്കുകയും, ദൂരപരിധിയിലുള്ള തടസ്സങ്ങള്‍ കാരണം നേരിട്ട് തിരിച്ചടിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ സ്വാഭാവികമായും ഇന്ത്യയായിരിക്കും ലക്ഷ്യമെന്ന് ബാസിത് വാദിച്ചു.
'അമേരിക്ക പാകിസ്ഥാനെ ആക്രമിക്കുകയും, ഗള്‍ഫിലുള്ള അവരുടെ താവളങ്ങളിലോ ഇസ്രായേലിലോ ആഞ്ഞടിക്കാന്‍ നമുക്ക് കഴിയാതിരിക്കുകയും ചെയ്താല്‍ നമ്മുടെ മുന്നിലുള്ള ഏക പോംവഴി എന്താണ്? അത് ഇന്ത്യയാണ്,' ബാസിത് പറഞ്ഞു.
'നമുക്ക് മറ്റ് വഴികളൊന്നുമില്ല. നമ്മുടെ ആക്രമണ പരിധി അവിടം വരെ എത്തുന്നില്ലെങ്കില്‍ പോലും, ആരെങ്കിലും നമ്മളെ ശത്രുതയോടെ നോക്കിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ നമ്മള്‍ ഇന്ത്യയെ - മുംബയും ന്യൂഡല്‍ഹിയും - ആക്രമിക്കും. നമ്മള്‍ ഒട്ടും പിന്നോട്ട് പോകില്ല.'
ഇതൊരു അസാധ്യമായ സാഹചര്യമാണെങ്കിലും സൈദ്ധാന്തികമായി സംഭവിക്കാവുന്നതാണെന്ന് ആവര്‍ത്തിച്ച ബാസിത് , 'പിന്നീട് എന്ത് സംഭവിച്ചാലും അത് അപ്പോള്‍ നേരിടും, നമ്മള്‍ ഒട്ടും മടി കാണിക്കരുത്' എന്നും കൂട്ടിച്ചേര്‍ത്തു.
അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ദൂരക്കൂടുതല്‍ ഉള്ളതിനാല്‍ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നതിന് സമാനമായ ഒരു സമീപനമാണ് ബാസിത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍, ഇറാന്‍ ലക്ഷ്യം വയ്ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനിക താവളങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അത്തരത്തിലുള്ള യാതൊരു സൈനിക സംവിധാനങ്ങളും യുഎസിനില്ല. അതിനാല്‍ തന്നെ ബാസിത്തിന്റെ ഈ നിര്‍ദ്ദേശം അത്യന്തം അപകടകരവും നിരുത്തരവാദപരവും പ്രകോപനപരവുമാണ്.
റഷ്യ, ചൈന, ഉത്തര കൊറിയ എന്നിവയ്ക്കൊപ്പം അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളിലൊന്ന് പാകിസ്ഥാനാണെന്ന് യുഎസ് ഡയറക്ടര്‍ ഒഫ് നാഷണല്‍ ഇന്റലിജന്‍സ് തുളസി ഗബ്ബാര്‍ഡ് കഴിഞ്ഞ ബുധനാഴ്ച പറഞ്ഞതും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന മിസൈല്‍ ശേഷിയെക്കുറിച്ചും അവര്‍ സെനറ്റ് പാനലിന് മുന്നില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് അബ്ദുള്‍ ബാസിത്തില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത്.
Summary: The controversial statement by Abdul Basit, the former High Commissioner of Pakistan to India, has sparked a major debate. He suggested that if a foreign country attacks Pakistan, they would target India in retaliation.
While speaking about a hypothetical war, he stated: "If America attacks Pakistan, we should attack India—Mumbai and New Delhi—without a second thought. We will see what happens later."
Although he described this as a "worst-case scenario," his direct reference to major Indian cities immediately drew attention. Even as he repeatedly called the situation impossible, he stood firm on his argument. "If anyone looks at us with a bad eye, Pakistan will have no other option but to attack India wherever it wants," he added.
Observers view this statement by Basit, who was Pakistan's diplomat in Delhi from 2014 to 2017, with extreme seriousness. These remarks come at a time when Pakistan is facing border tensions with Afghanistan. While there has been no official response from India yet, the comments have caused significant outrage on social media.


COMMENTS