ദുബായ് : ഇറാനിലെ ടെഹ്‌റാനിലുള്ള അതീവ സുരക്ഷാ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഖമനെയിയും മറ്റ് 40-ഓളം മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ദൗത്യം വിജയകരമാക്കാൻ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ഒരുക്കിയ വർഷങ്ങൾ നീണ്ട ആസൂത്രണത്തിൻ്റെ ഫലം.

ട്രാഫിക് ക്യാമറകളുടെ ഹാക്കിങ്

ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രകാരം, ടെഹ്‌റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും ഇസ്രായേൽ വർഷങ്ങൾക്ക് മുമ്പേ ഹാക്ക് ചെയ്തിരുന്നു. ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം എൻക്രിപ്റ്റ് ചെയ്ത് ടെൽ അവീവിലെ ഇസ്രായേൽ സെർവറുകളിലേക്ക് അയച്ചിരുന്നു.

ഖമനെയിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ വാഹനങ്ങൾ എവിടെയാണ് പാർക്ക് ചെയ്യുന്നതെന്നും, അവരുടെ കൃത്യമായ യാത്രാരീതികളും മനസ്സിലാക്കാൻ ഇത് മൊസാദിനെ സഹായിച്ചു.

ടെഹ്‌റാനിലെ ടെലിഫോൺ ടവറുകളും മൊബൈൽ ശൃംഖലകളും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം നിയന്ത്രിച്ചിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് ഖമനെയിയുടെ വസതിക്ക് സമീപമുള്ള മൊബൈൽ ടവറുകൾ പ്രവർത്തനരഹിതമാക്കി.

ഇതുവഴി സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നത് തടയാനും ആശയവിനിമയം തടസ്സപ്പെടുത്താനും ഇസ്രായേലിന് സാധിച്ചു.

നിർണ്ണായകമായ ഇന്റലിജൻസ് വിവരം

ഖമനെയിയും മറ്റ് ഉന്നത നേതാക്കളും ടെഹ്‌റാനിലെ ഒരു പ്രത്യേക കോമ്പൗണ്ടിൽ ശനിയാഴ്ച രാവിലെ യോഗം ചേരുന്നുണ്ടെന്ന വിവരം മൊസാദും സിഐഎയും ചേർന്ന് സ്ഥിരീകരിച്ചു.ഈ യോഗം നടക്കുന്ന സമയം കൃത്യമായി മനസ്സിലാക്കിയ ശേഷം ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ സ്പാരോ മിസൈലുകൾ ഉപയോഗിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബുകൾ വർഷിച്ചു.

പകൽ വെളിച്ചത്തിൽ ഇത്തരമൊരു ആക്രമണം ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നത് ഇസ്രായേലിന് 'സർപ്രൈസ് എലമെന്റ്' നൽകി.