തിരുവനന്തപുരം: ചവറ ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക...
തിരുവനന്തപുരം: ചവറ ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പ്രസ്താവനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ റിപ്പോർട്ട് തേടി. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ഗുരുവായൂർ മണ്ഡലത്തിലെ ജനസംഖ്യയും എം.എൽ.എമാരുടെ പ്രാതിനിധ്യവും സംബന്ധിച്ച് ബി. ഗോപാലകൃഷ്ണൻ നടത്തിയ വർഗീയ ചുവയുള്ള പരാമർശമാണ് വിവാദമായത്. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എം.എൽ.എ പോലുമില്ലെന്നും, ഇടത്-വലത് മുന്നണികൾ ബോധപൂർവ്വം ഹിന്ദുക്കളെ മാറ്റിനിർത്തുകയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചിരുന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് കമ്മീഷന്റെ ഇടപെടൽ. വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കമ്മീഷന്റെ മീഡിയ ടീം ശേഖരിച്ചിട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ മതപരമായോ വർഗീയമായോ ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകൾ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മുൻകൂട്ടി നൽകിയ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Hindu MLA's remark, Chief Electoral Officer, NDA Candidate B. Gopalakrishnan

COMMENTS