തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ വരുത്തിവെച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ കുടിശിക തീർക്കാതെ ഇനി ഇന്ധനം കടം നൽകാനാവില്...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ വരുത്തിവെച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ കുടിശിക തീർക്കാതെ ഇനി ഇന്ധനം കടം നൽകാനാവില്ലെന്ന് പമ്പുടമകളുടെ സംഘടന. ഇത് സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് സംഘടന മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി ഏകദേശം 2000 കോടി രൂപയാണ് പമ്പുടമകൾക്ക് ലഭിക്കാനുള്ളത്. ഇതിൽ പോലീസ് വകുപ്പ് മാത്രം 400 കോടി രൂപയുടെ കുടിശിക വരുത്തിയിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആറ് മാസമായി തുക ലഭിക്കാത്തത് പമ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധന വിപണിയിലുണ്ടാകുന്ന അനിശ്ചിതത്വം പമ്പുടമകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ജോലികൾക്കായി വലിയ തോതിൽ ഇന്ധനം ആവശ്യമായി വരും. എന്നാൽ പഴയ കുടിശിക തീർക്കാതെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കും ഇന്ധനം കടമായി നൽകാൻ കഴിയില്ലെന്ന് ഉടമകൾ അറിയിച്ചു.
സർക്കാർ അടിയന്തരമായി ഇടപെട്ട് കുടിശിക തീർത്തില്ലെങ്കിൽ സർക്കാർ വാഹനങ്ങളുടെ സർവീസിനെ ഇത് പൂർണ്ണമായും ബാധിക്കുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
Key Words : Fuel, Petrol Pump, Kerala Government

COMMENTS