ടെഹ്‌റാൻ: റഷ്യൻ ക്രൂഡ് ഓയിലിൻ്റെ കാര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ രൂക്ഷമായി പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്...
ടെഹ്‌റാൻ: റഷ്യൻ ക്രൂഡ് ഓയിലിൻ്റെ കാര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെ രൂക്ഷമായി പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ നേരത്തെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയ വാഷിംഗ്ടൺ, ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോകരാജ്യങ്ങളോട് "അപേക്ഷിക്കുകയാണെന്ന്" അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു അരാഗ്‌ചിയുടെ പ്രതികരണം.
ഇറാനുമായുള്ള യുദ്ധം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ അമേരിക്കയുടെ നിലപാടിൽ വലിയ മാറ്റം വന്നതായി അരാഗ്‌ചി ചൂണ്ടിക്കാട്ടി. "റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയ അമേരിക്ക, ഇപ്പോൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളോട് റഷ്യൻ എണ്ണ വാങ്ങാൻ കെഞ്ചുകയാണ്. ഇറാനെതിരെയുള്ള നിയമവിരുദ്ധമായ യുദ്ധത്തെ പിന്തുണച്ചാൽ റഷ്യക്കെതിരെ അമേരിക്കയുടെ പിന്തുണ കിട്ടുമെന്ന് യൂറോപ്പും കരുതി. അമേരിക്കയുടെ ഈ നിലപാട് ദയനീയമാണ്," അദ്ദേഹം കുറിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം പുറത്തുവന്നത്. മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ ഇരുമന്ത്രിമാരും തമ്മിൽ നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിട്ടുണ്ട്. ഇന്ത്യ തങ്ങളുടെ ഉറ്റ സുഹൃത്താണെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായ പാത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : Seyed Abbas Araghchi, Russian Crude Oil, US-Iran Conflict, India-Iran Relations

COMMENTS