Digital arrest scam against K.Shanthakumari MLA
പാലക്കാട്: കോങ്ങാട് എം.എല്‍.എ കെ.ശാന്തകുമാരിയെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയാക്കാന്‍ ശ്രമം. ഇന്നലെ രാവിലെ എം.എല്‍.എയുടെ ഫോണിലേക്ക് ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്നാണെന്നു പറഞ്ഞാണ് വിളി വന്നത്. പഹല്‍ഗാം ആക്രമികളില്‍ നിന്നുമാണ് നമ്പര്‍ ലഭിച്ചതെന്നുപറഞ്ഞ് ശാന്തകുമാരിയെ തട്ടിപ്പിനിരയാക്കാന്‍ രണ്ടു മണിക്കൂര്‍ ശ്രമം നടത്തുകയായിരുന്നു.
ആദ്യം സംസാരിച്ചയാള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ മലയാളത്തിലാണ് സംസാരിച്ചത്. തിരുവനന്തപുരം സൈബര്‍ ആസ്ഥാനത്തു നിന്നുമാണെന്നു പറഞ്ഞ രണ്ടാമത്തെയാള്‍ എസ്.ഐ സുരേഷ് കുമാര്‍ എന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് പൊലീസ് വേഷത്തില്‍ വീഡിയോ കോളിലെത്തി എം.എല്‍.എയുടെ കൂടുതല്‍ വിവരങ്ങള്‍ അവര്‍ മനസിലാക്കി.
അതേസമയം എം.എല്‍.എയുടെ ഡ്രൈവര്‍ വീട്ടിലെത്തി വിവരം അറിയുകയും ഉടന്‍ തന്നെ കുഴല്‍മന്ദം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മുംബൈയിലെ ബാങ്കില്‍ ശാന്തകുമാരിക്ക് അക്കൗണ്ട് ഉണ്ടെന്നും അതിലെ തുക തീവ്രവാദികള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. വിഷയത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Digital arrest, Scam, Police, MLA K.Shanthakumari


COMMENTS