തിരുവനന്തപുരം: സി.പി.എമ്മുമായി വഴിപിരിഞ്ഞ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ഇനി പരസ്യമായ പ്രകോപനങ്ങൾ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേ...
തിരുവനന്തപുരം: സി.പി.എമ്മുമായി വഴിപിരിഞ്ഞ മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ഇനി പരസ്യമായ പ്രകോപനങ്ങൾ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയിലെത്തി. സുധാകരൻ ഉയർത്തുന്ന വെല്ലുവിളികളെ അവഗണിക്കുന്ന തന്ത്രമാകും പാർട്ടി ഇനി സ്വീകരിക്കുക. അദ്ദേഹം അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാലും പാർട്ടിക്ക് ഭീഷണിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ദിവസമാണ് പാർട്ടി അംഗത്വം ഉപേക്ഷിച്ചതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നും ജി. സുധാകരൻ പ്രഖ്യാപിച്ചത്. ഒരു മുന്നണിയുടെയും പിന്തുണ തനിക്ക് ആവശ്യമില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ജന്മനാടായ ചാരുംമൂട്ടിലും അമ്പലപ്പുഴയിലും 'കുലംകുത്തി', 'വർഗവഞ്ചകൻ' എന്നിങ്ങനെ വിശേഷിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനങ്ങളും നടന്നിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ സുധാകരന് കൂടുതൽ മൈലേജ് നൽകുമെന്ന വിലയിരുത്തലിലാണ് ഇനിയങ്ങോട്ട് മൗനം പാലിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സുധാകരനെ വ്യക്തിപരമായി ആക്രമിക്കാതെ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടെ നീക്കം.
Key Words : CPM, G. Sudhakaran

COMMENTS