തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദൂരദർശൻ സംഘടിപ്പിച്ച രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടി സി.പി.ഐ ബഹിഷ്കരിച്ചു. പ്രസംഗ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ദൂരദർശൻ സംഘടിപ്പിച്ച രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടി സി.പി.ഐ ബഹിഷ്കരിച്ചു. പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ഒഴിവാക്കണമെന്ന് ദൂരദർശൻ അധികൃതർ കർശന നിർദ്ദേശം നൽകിയതിനെത്തുടർന്നാണ് പാർട്ടി ഈ തീരുമാനമെടുത്തതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
പ്രസംഗത്തിലെ അവസാന രണ്ട് ഖണ്ഡികകൾ പൂർണ്ണമായും നീക്കം ചെയ്യണമെന്ന് ദൂരദർശൻ വെറ്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടതായാണ് വിവരം. ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരായ പരാമർശങ്ങൾ ഒഴിവാക്കി പരിപാടി റെക്കോർഡ് ചെയ്യാമെന്ന അധികൃതരുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ദൂരദർശനെയും ആകാശവാണിയെയും 'യജമാനന്റെ' ശബ്ദം മാത്രം കേൾപ്പിക്കാനുള്ള യന്ത്രങ്ങളാക്കി മാറ്റുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ദൂരദർശൻ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും അത് ബി.ജെ.പിയുടെ ചാനലല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ പ്രീണിപ്പിക്കാനാണ് ഇത്തരം വെട്ടിമാറ്റലുകൾ നടത്തുന്നതെന്നും ഇതിന് വഴങ്ങില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

COMMENTS