തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രാഥമിക ധാരണയാ...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പ്രാഥമിക ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിലവിലെ മന്ത്രിസഭയിലെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളിൽ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് വീണ്ടും ജനവിധി തേടും. പി. രാജീവ് (കളമശ്ശേരി), കെ.എൻ. ബാലഗോപാൽ (കൊട്ടാരക്കര), വി.എൻ. വാസവൻ (ഏറ്റുമാനൂർ), സജി ചെറിയാൻ (ചെങ്ങന്നൂർ), എം.ബി. രാജേഷ് (തൃത്താല), പി.എ. മുഹമ്മദ് റിയാസ് (ബേപ്പൂർ), വീണ ജോർജ് (ആറന്മുള), ആർ. ബിന്ദു (ഇരിഞ്ഞാലക്കുട), ഒ.ആർ. കേളു (മാനന്തവാടി), വി. ശിവൻകുട്ടി (നേമം) എന്നിവരാണ് വീണ്ടും മത്സരിക്കുന്ന മന്ത്രിമാർ.
വ്യക്തിപരമായ കാരണങ്ങളാൽ മാറിനിൽക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കെ.ടി. ജലീൽ തവനൂരിലും, വീണ ജോർജ് ആറന്മുളയിലും വീണ്ടും മത്സരിക്കും.
പൊന്നാനിയിൽ സിറ്റിങ് എം.എൽ.എ പി. നന്ദകുമാറിന് പകരം മുൻ പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ സ്ഥാനാർത്ഥിയാകും. വൈപ്പിനിൽ എം.ബി. ഷൈനിയും തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണനും മത്സരിക്കും. കുന്നംകുളത്ത് എ.സി. മൊയ്തീനും മണലൂരിൽ സി. രവീന്ദ്രനാഥും ജനവിധി തേടും. കായംകുളത്ത് സിറ്റിങ് എം.എൽ.എ യു. പ്രതിഭയ്ക്ക് തന്നെ പാർട്ടി വീണ്ടും അവസരം നൽകി.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സ്പീക്കർ എ.എൻ. ഷംസീർ, മുൻ മന്ത്രി എം.എം. മണി, എം. സ്വരാജ്, എം. രാജഗോപാലൻ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ല. പാലക്കാട് മണ്ഡലത്തിൽ പി. സരിൻ സ്ഥാനാർത്ഥിയാകില്ലെന്ന് ഉറപ്പായി. യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം മാത്രമായിരിക്കും ഇവിടെ പാർട്ടി തീരുമാനം എടുക്കുക.
Key Words : CM Pinarayi Vijayan, Election, CPM Candidate List

COMMENTS