പെരുമ്പാവൂർ: ദശകങ്ങളായി തുടരുന്ന യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിന് വരും മാസങ്ങളിൽ ശാശ്വത പരിഹാരമുണ്ടാകുമെന്ന് ട്വന്റി 20 സംസ്ഥാന പ്ര...
പെരുമ്പാവൂർ: ദശകങ്ങളായി തുടരുന്ന യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിന് വരും മാസങ്ങളിൽ ശാശ്വത പരിഹാരമുണ്ടാകുമെന്ന് ട്വന്റി 20 സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ അടുത്ത ആറുമാസത്തിനുള്ളിൽ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പെരുമ്പാവൂരിലെ എൻ.ഡി.എ സ്ഥാനാർഥി ജിബി പാത്തിക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നപരിഹാരത്തിനായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തെ പ്രധാനമന്ത്രി നേരത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നതായും ചർച്ചകൾ പുരോഗമിക്കുന്നതായും സാബു ജേക്കബ് പറഞ്ഞു. ചില സാങ്കേതിക കാരണങ്ങളാലാണ് ചർച്ചകൾ നീണ്ടുപോയത്. എന്നാൽ വരും മാസങ്ങളിൽ ഇതിന് അന്ത്യമുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സഭാ തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിൽ വലിയ സ്വാധീനമുള്ള ട്വന്റി 20, എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച വേളയിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.
നൂറ്റാണ്ടിലധികമായി തുടരുന്ന സഭാ തർക്കത്തിൽ കേന്ദ്ര സർക്കാർ നേരിട്ട് മധ്യസ്ഥത വഹിക്കുന്നത് വിശ്വാസികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കോടതി വിധികൾക്കും നിയമതടസ്സങ്ങൾക്കും ഇടയിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ എത്രത്തോളം ഫലപ്രദമാകുമെന്ന് വരും മാസങ്ങളിൽ വ്യക്തമാകും.
Key Words : Church Dispute, Sabu M. Jacob, Prime Minister Modi

COMMENTS