കൊച്ചി: വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെത്തുടർന്ന് നടി ലക്ഷ്മിപ്രിയയ്ക്ക് പകരം പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ജിബി പാത്തിക്കലിനെ സ്ഥാനാർത്...
കൊച്ചി: വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെത്തുടർന്ന് നടി ലക്ഷ്മിപ്രിയയ്ക്ക് പകരം പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ജിബി പാത്തിക്കലിനെ സ്ഥാനാർത്ഥിയായി ട്വന്റി 20 പ്രഖ്യാപിച്ചു. മുൻ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ജിബി വർഗീസ് പാത്തിക്കൽ യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റി അംഗം കൂടിയാണ്.
ലക്ഷ്മിപ്രിയയുടെ പേര് നിലവിലെ താമസസ്ഥലമായ തൃപ്പൂണിത്തുറയിലോ മുൻപ് താമസിച്ചിരുന്ന തൃക്കാക്കരയിലോ വോട്ടർ പട്ടികയിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം അടിയന്തരമായി സ്ഥാനാർത്ഥിയെ മാറ്റാൻ തീരുമാനിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ഘട്ടത്തിൽ ഉണ്ടായേക്കാവുന്ന നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാനാണ് ഈ നീക്കം.
അതേസമയം, ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വീണാ നായർക്കും വോട്ടർ പട്ടികയിൽ പേരില്ലെന്ന് വ്യക്തമായിട്ടുണ്ട്. ചങ്ങനാശേരിയിൽ വോട്ടുണ്ടെന്ന വിശ്വാസത്തിലായിരുന്നു വീണയെങ്കിലും പരിശോധനയിൽ പേര് കണ്ടെത്താനായില്ല. ഇതേത്തുടർന്ന് താൻ മത്സരത്തിനില്ലെന്ന് വ്യക്തമാക്കി വീണ വീഡിയോ സന്ദേശം പുറത്തുവിട്ടു. ഏറ്റുമാനൂരിൽ പുതിയ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
രണ്ട് പ്രമുഖ സ്ഥാനാർത്ഥികൾ ഒരേസമയം വോട്ടർ പട്ടികയ്ക്ക് പുറത്തായത് ട്വന്റി 20 ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Key Words : Twenty20 candidate list, Gibi Pathikkal , Perumbavoor, Lakshmi Priya

COMMENTS