ആലപ്പുഴ: മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ...
ആലപ്പുഴ: മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പാർട്ടി അംഗത്വം പുതുക്കാതെ സിപിഐഎം നേതൃത്വവുമായി അകന്നുനിൽക്കുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ പുന്നപ്രയിലെ വീട്ടിൽ നാളെ (മാർച്ച് 12) വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ സുധാകരൻ തീരുമാനിച്ചാൽ പിന്തുണ നൽകാൻ കോൺഗ്രസ് തയ്യാറാണെന്ന് സൂചനകളുണ്ട്. ഇതിന്റെ ഭാഗമായി കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം താത്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. വാർത്താവിനിമയത്തിനായി ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി അദ്ദേഹം പുതിയ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.
അമ്പലപ്പുഴ മണ്ഡലത്തിലെ തന്നോട് വ്യക്തിപരമായി അടുപ്പമുള്ള പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും സുധാകരൻ നേരിട്ട് ഫോണിൽ വിളിച്ച് പിന്തുണ അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടതോടെ, ഇനി ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം.
പാർട്ടി തന്നെ അവഗണിക്കുന്നുവെന്നും പരിഹസിക്കുന്നുവെന്നും ആരോപിച്ചാണ് 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ച് സുധാകരൻ അംഗത്വം പുതുക്കാതിരുന്നത്.
Key Words : CPI(M), G. Sudhakaran, Ambalappuzha, Press Conference


COMMENTS