തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീ...
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തു. വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സംഭവം വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണിതെന്ന് ആരോപിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. "ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്?" എന്ന ചോദ്യത്തോടെ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിപിഐഎം വിമർശനം ഉന്നയിച്ചത്. ദേശീയതലത്തിൽ കമ്മീഷനെതിരെ ഉയരുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവമെന്നും സിപിഐഎം കുറ്റപ്പെടുത്തി.
എന്നാൽ, ഇതൊരു സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾക്ക് അയക്കാനുള്ള കത്തിന്റെ കരട് തയ്യാറാക്കിയപ്പോൾ ഉണ്ടായ അബദ്ധമാണിതെന്ന് കമ്മീഷൻ വിശദീകരിക്കുന്നു. മുൻപ് ബിജെപി നൽകിയ ഒരു കത്തിലെ മാതൃക പകർത്തിയപ്പോൾ (Copy-paste) അതിലുണ്ടായിരുന്ന സീലും അബദ്ധത്തിൽ ഉൾപ്പെട്ടുപോയതാണ് എന്നാണ് ലഭിക്കുന്ന വിവരം.
ക്ലെറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുറത്തുനിന്നുള്ള മറ്റൊരു ശക്തിക്കും ഇടപെടാൻ സാധിക്കാത്ത വിധം പഴുതടച്ച സംവിധാനമാണ് കമ്മീഷൻ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Key Words : BJP Seal, Election Commission's letter, Officer suspended, Controversy

COMMENTS