പാട്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാന നിയമസഭാ കൗൺസിൽ (MLC) അംഗത്വം അദ്ദേഹം രാജിവെച്ചു. തിങ്കള...
പാട്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാന നിയമസഭാ കൗൺസിൽ (MLC) അംഗത്വം അദ്ദേഹം രാജിവെച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം തന്റെ രാജിക്കത്ത് കൗൺസിൽ ചെയർമാൻ അവധേഷ് നാരായൺ സിംഗിന് കൈമാറിയത്. ജെഡി(യു) നേതാവ് സഞ്ജയ് ഗാന്ധിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കത്ത് സമർപ്പിച്ചത് .
രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് നിതീഷ് കുമാറിന്റെ ഈ അപ്രതീക്ഷിത നീക്കം. മാർച്ച് 16-ന് അദ്ദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചട്ടപ്രകാരം ഒരു സഭയിൽ അംഗമായിരിക്കെ മറ്റൊരു സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 14 ദിവസത്തിനുള്ളിൽ പഴയ സ്ഥാനം രാജിവെക്കേണ്ടതുണ്ട്. ഏപ്രിൽ 10-ന് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് പതിറ്റാണ്ടോളം ബിഹാർ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഉടൻ തന്നെ ആ പദവിയും രാജിവെക്കുമെന്നാണ് സൂചന. ഇതോടെ ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ എൻഡിഎയിൽ സജീവമായി. ഉപമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സാമ്രാട്ട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ പേരും പരിഗണനയിലുണ്ട്.
ലോക്‌സഭ, രാജ്യസഭ, നിയമസഭ, നിയമസഭാ കൗൺസിൽ എന്നിങ്ങനെ നാല് സഭകളിലും അംഗമാകുന്ന അപൂർവ്വം നേതാക്കളിൽ ഒരാളെന്ന ഖ്യാതിയോടെയാണ് നിതീഷ് കുമാർ ബിഹാർ രാഷ്ട്രീയത്തിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നത്.
Key Words : Bihar , Nitish Kumar, Legislative Council membership

COMMENTS