BCCI Shortlists 20 Probables for 2027 ODI World Cup; Sanju Samson Likely in Contention
മുംബയ് : 2027-ലെ ഏകദിന ലോകകപ്പിനായി ബിസിസിഐ സെലക്ടര്‍മാര്‍ 20 താരങ്ങളുടെ സാധ്യതാ പട്ടിക ഇതിനകം തയ്യാറാക്കിയതായും, വരാനിരിക്കുന്ന ഐപിഎല്‍ 2026 സീസണില്‍ ഇവരുടെ പ്രകടനം നിരീക്ഷിക്കുമെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകകപ്പിന് ഇനിയും ഒരു വര്‍ഷമുണ്ടെങ്കിലും, സെലക്ടര്‍മാരുടെ പക്കല്‍ നിലവില്‍ ഒരു താല്‍ക്കാലിക പട്ടികയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ 20 കളിക്കാരുടെ ഒരു പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ 2026-ലെ പുതിയ താരങ്ങളെ പരീക്ഷിക്കുന്നതിനേക്കാള്‍, ഈ 20 പേരുടെ ഫിറ്റ്‌നസും പ്രകടനവും നിരീക്ഷിക്കാനാണ് ബിസിസിഐ തീരുമാനം.
നിലവില്‍ 2027 ലോകകപ്പിലാണ് ശ്രദ്ധയെന്നും, ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സോ 2028 ടി20 ലോകകപ്പോ ഇപ്പോള്‍ പരിഗണനയിലില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ, സെലക്ഷന്‍ കമ്മിറ്റി ഏകദിന ഫോര്‍മാറ്റിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
മാര്‍ച്ച് 28-ന് ബെംഗളൂരുവില്‍ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തോടെ ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കും.
എസ്.എസ്. ദാസ്, ആര്‍.പി. സിംഗ്, അജയ് രാത്ര, പ്രഗ്യാന്‍ ഓജ എന്നിവരടങ്ങുന്ന സമിതി നേരിട്ടും ടെലിവിഷനിലൂടെയും മത്സരങ്ങള്‍ വിലയിരുത്തും. ഓരോ സെലക്ടറും ആഴ്ചയില്‍ ഒരു മത്സരമെങ്കിലും സ്റ്റേഡിയത്തില്‍ നേരിട്ടെത്തി കാണണമെന്നാണ് ബിസിസിഐ നിര്‍ദ്ദേശം.
ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും സമിതി നിരീക്ഷിക്കും. ഹര്‍ഷിത് റാണ പരിക്കില്‍ നിന്ന് മോചിതനായി വരികയാണ്. ഹര്‍ഷിത് റാണയെ പരിഗണിക്കുന്നുണ്ടെങ്കിലും കാല്‍മുട്ടിനേറ്റ പരിക്ക് കാരണം അദ്ദേഹം നിലവില്‍ വിശ്രമത്തിലാണ്. കുല്‍ദീപ് യാദവിനൊപ്പം അക്‌സര്‍ പട്ടേലോ രവീന്ദ്ര ജഡേജയോ ടീമിലെത്തും.
രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഭാവി തന്നെയാണ് ഇപ്പോഴും പ്രധാന ചര്‍ച്ചാവിഷയം. 2024-ലെ ടി20 വിജയത്തിന് ശേഷം ഇരുവരും ആ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തില്‍ അവര്‍ ഇപ്പോഴും സജീവമാണ്. നിലവിലെ ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അവരുടെ അനുഭവസമ്പത്ത് ടീമിന് അത്യാവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഏകദിന ഫോര്‍മാറ്റിലെ മികച്ച റെക്കോര്‍ഡ് കണക്കിലെടുത്ത് ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ എന്നിവര്‍ മധ്യനിരയില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ടി20 പരമ്പരയിലെ പ്രകടനം പരിഗണിച്ച് മലയാളി താരം സഞ്ജു സാംസണ് നറുക്കു വീണാലും അത്ഭുതപ്പെടാനില്ല. സഞ്ജുവിന് ദക്ഷിണാഫ്രിക്കയില്‍ നല്ല ട്രാക്ക് റെക്കോഡാണ് ഉള്ളതെന്നതും ശ്രദ്ധേയമാണ്.
ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കരാര്‍ 2026 സെപ്റ്റംബര്‍ വരെയാണ്. നിലവിലെ വിജയകരമായ പദ്ധതികള്‍ തുടരാന്‍ അദ്ദേഹം ലോകകപ്പ് വരെ തുടരണമെന്നാണ് ബിസിസിഐയുടെ താല്പര്യം.
ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027 ലോകകപ്പ് നടക്കുന്നത്.


COMMENTS