ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയുടെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഷർട്ട് അഴിച്ചുമാറ്റി പ്...
ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയുടെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഷർട്ട് അഴിച്ചുമാറ്റി പ്രതിഷേധിക്കുകയും ചെയ്‌ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ബാനു ചിബ് അറസ്‌റ്റിൽ.
ഇന്ന് പുലർച്ചെയോടെ ഡൽഹി പൊലീസാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്. ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന എട്ടാമത്തെ അറസ്റ്റാണിത്.
ഭാരത് മണ്ഡപം പോലുള്ള ഉന്നത സുരക്ഷാ മേഖലയിൽ നടത്തിയ പ്രതിഷേധം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഫെബ്രുവരി 20-ന് ഉച്ചകോടി നടക്കുന്നതിനിടെയാണ് സംഭവം. ഓൺലൈനായി രജിസ്റ്റർ ചെയ്ത് ക്യുആർ കോഡ് വഴി ഹാളിനുള്ളിൽ പ്രവേശിച്ച ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ, കോട്ടിനും ഷർട്ടിനും ഉള്ളിൽ ധരിച്ചിരുന്ന മുദ്രാവാക്യങ്ങൾ പതിപ്പിച്ച ടി-ഷർട്ടുകൾ ഊരി പുറത്തുകാണിച്ചാണ് പ്രതിഷേധിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. "Compromised PM" എന്നെഴുതിയ ടി-ഷർട്ടുകളാണ് പ്രവർത്തകർ ധരിച്ചിരുന്നത്.
കോൺഗ്രസ് പണ്ടേ "നഗ്നരാണെന്ന്" രാജ്യത്തിന് അറിയാമെന്നും, ലോകനേതാക്കൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്താനാണ് അവർ ശ്രമിക്കുന്നതെന്നും മോദി പരിഹസിച്ചു. ആഗോള വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്ന് ബിജെപിയും കുറ്റപ്പെടുത്തി. പ്രതിഷേധിച്ച പ്രവർത്തകരെ 'ബബ്ബർ ഷേർ' (സിംഹങ്ങൾ) എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, സത്യം വിളിച്ചുപറയുന്നവരെ കേന്ദ്രസർക്കാർ ഭയപ്പെടുകയാണെന്നും ആരോപിച്ചു.
Key Words : Youth Congress, Shirtless Protest, AI summit

COMMENTS