വാഷിംഗ്ടൺ: ഇറാനെതിരെ പരിമിതമായ സൈനിക ആക്രമണം നടത്തുന്ന കാര്യം താൻ പരിഗണിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാൻ്റെ ആണ...
വാഷിംഗ്ടൺ: ഇറാനെതിരെ പരിമിതമായ സൈനിക ആക്രമണം നടത്തുന്ന കാര്യം താൻ പരിഗണിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാൻ്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനുള്ള ഒരു കരാറിലെത്താൻ അവിടുത്തെ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യം.
ആണവ കരാറിൽ പുരോഗതിയുണ്ടായില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ട്രംപ് നൽകിയിരിക്കുന്നത്. അടുത്ത 10 ദിവസത്തിനുള്ളിൽ ഇതിൽ വ്യക്തത വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡ് ഉൾപ്പെടെയുള്ള വലിയൊരു സൈനിക വ്യൂഹത്തെ അമേരിക്ക ഈ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. ഇതിനകം തന്നെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്.
എന്നാൽ, അമേരിക്കയുടെ ഏത് ആക്രമണത്തിനും ആനുപാതികമായും നിർണ്ണായകമായും മറുപടി നൽകുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സെയ്ദ് പറഞ്ഞു. ആക്രമണമുണ്ടായാൽ അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൈനിക ഭീഷണി നിലനിൽക്കുമ്പോഴും ജനീവയിൽ നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ട്. വരും ദിവസങ്ങളിൽ ഒരു കരാർ രൂപരേഖ ട്രംപിൻ്റെ പ്രത്യേക പ്രതിനിധിക്ക് കൈമാറുമെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി അറിയിച്ചു. യുദ്ധസാഹചര്യം ഉടലെടുത്തതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
Key Words : Donald Trump, Military Strike , Iran


COMMENTS