വാഷിംഗ്ടൺ: സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് ശേഷവും അമേരിക്കയുടെ അധിക തീരുവ നയങ്ങളിൽ മാറ്റമില്ലെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമീസൺ ഗ്ര...
വാഷിംഗ്ടൺ: സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് ശേഷവും അമേരിക്കയുടെ അധിക തീരുവ നയങ്ങളിൽ മാറ്റമില്ലെന്ന് യുഎസ് വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ വ്യക്തമാക്കി. ഇറക്കുമതിക്കാർ ഇപ്പോഴും ട്രംപിൻ്റെ പകരംതീരുവ തന്നെയാണ് അടയ്ക്കുന്നത്.
പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പല തീരുവകളും നിയമവിരുദ്ധമാണെന്ന് വെള്ളിയാഴ്ച യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. ട്രംപിൻ്റെ സാമ്പത്തിക അജണ്ടയ്ക്കേറ്റ വലിയ തിരിച്ചടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. എന്നാൽ, കോടതി വിധിയെത്തുടർന്ന് മറ്റൊരു നിയമപ്രകാരം ശനിയാഴ്ച 15% ആഗോള താരിഫ് ട്രംപ് പ്രഖ്യാപിച്ചു. നയങ്ങളിൽ മാറ്റമില്ലെന്നും ബിസിനസ് മേഖലയ്ക്ക് കൃത്യമായ ദിശാബോധം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഗ്രീർ പറയുന്നു.
തീരുവ നയത്തോടുള്ള ജനങ്ങളുടെ വിയോജിപ്പ് പ്രകടമാക്കുന്ന സർവ്വേഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 64% ആളുകൾ തീരുവ എതിർക്കുന്നുവെന്ന് സർവേ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ ബിസിനസ് മേഖലയ്ക്ക് ലോക വിപണിയിൽ കൂടുതൽ കരുത്ത് പകരാൻ ഇത് സഹായിക്കുമെന്നാണ് ഗ്രീർ വാദിച്ചത്.
സുപ്രീം കോടതി വിധിക്ക് പിന്നാലെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) തങ്ങളുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിൽ ഇനിയും മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഔദ്യോഗിക നിർദ്ദേശം ലഭിക്കുന്നതുവരെ ഈ തീരുവകൾ ഈടാക്കുന്നത് തുടരുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
ദേശീയ സുരക്ഷ മുൻനിർത്തി ഉരുക്ക്, അലുമിനിയം തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയ പ്രത്യേക തീരുവകളെ (Section 232) ഈ വിധി ബാധിക്കുന്നില്ല. അവ ഇപ്പോഴും പഴയപടി തുടരുന്നു. ഇതുവരെ അടച്ച ഏകദേശം 175 ബില്യൺ ഡോളർ തിരികെ നൽകുന്ന കാര്യത്തിൽ കോടതി വ്യക്തമായ നിർദ്ദേശം നൽകിയിട്ടില്ല. റീഫണ്ട് നടപടികൾ സങ്കീർണ്ണമാകുമെന്നും വർഷങ്ങളോളം നീളുന്ന നിയമപോരാട്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി തിരിച്ചടി നേരിട്ടെങ്കിലും ഭരണപരമായ കാലതാമസത്തിലൂടെയും പുതിയ നിയമങ്ങൾ ഉപയോഗിച്ചും ട്രംപ് ഭരണകൂടം തീരുവകൾ പിരിക്കുന്നത് തുടരുകയാണ്.
ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി ഒപ്പിട്ട വ്യാപാര കരാറുകളിൽ നിന്ന് യുഎസ് പിന്നോട്ടില്ല. ഈ രാജ്യങ്ങൾ കരാറുകൾ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗ്രീർ പറഞ്ഞു.
അതേസമയം, വ്യാപാര യുദ്ധത്തിൽ ആരും വിജയിക്കില്ലെന്നും സംരക്ഷണവാദം ഒന്നിനും പരിഹാരമല്ലെന്നും ചൈന പ്രതികരിച്ചു. തീരുവകൾ നീക്കം ചെയ്യണമെന്നും ചൈനആവശ്യപ്പെട്ടു.
അമേരിക്കയിലെ നിലവിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് ഈ ആഴ്ച വാഷിംഗ്ടണിലേക്ക് അയക്കേണ്ടിയിരുന്ന വ്യാപാര പ്രതിനിധി സംഘത്തിൻ്റെ സന്ദർശനം ഇന്ത്യ മാറ്റിവെച്ചു. സന്ദർശനത്തിനായി പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.
Key Words : Trump, , Tariffs , US Supreme Court


COMMENTS