വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പുറപ്പെടുവിച്ച ഏറ്റവും പുതിയ ആഗോള തീരുവ ഉത്തരവ് പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 10 ശതമാനമായി നിശ്ചയിക്കും. സർക്...
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പുറപ്പെടുവിച്ച ഏറ്റവും പുതിയ ആഗോള തീരുവ ഉത്തരവ് പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 10 ശതമാനമായി നിശ്ചയിക്കും. സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, ഫെബ്രുവരി 24 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇന്ത്യയുടെ താരിഫ് 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമായിരുന്ന എക്സിക്യൂട്ടീവ് ഉത്തരവ്, സുപ്രീം കോടതി വിധി വന്ന സമയത്ത് അമേരിക്ക പുറത്തിറക്കിയിരുന്നില്ല.
ദേശീയ അടിയന്തരാവസ്ഥാ നിയമത്തിന് കീഴിൽ ട്രംപ് നടപ്പിലാക്കിയ ആഗോള തീരുവകളെ വെള്ളിയാഴ്ച നേരത്തെ യുഎസ് സുപ്രീം കോടതി അസാധുവാക്കിയിരുന്നു. തൻ്റെ രണ്ടാം ഊഴത്തിലെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ഭാഗമായി താരിഫുകളെ കണ്ടിരുന്ന ട്രംപിന് 6-3 എന്ന അനുപാതത്തിലുള്ള സുപ്രീംകോടതി വിധി വലിയ തിരിച്ചടിയായി.
"ഇന്ത്യയുമായുള്ള നമ്മുടെ കരാർ പ്രകാരം അവർ തീരുവ നൽകണം. പ്രധാനമന്ത്രി മോദി മികച്ച മനുഷ്യനാണ്, പക്ഷേ അദ്ദേഹം നമ്മളെ ഇത്രകാലം പറ്റിക്കുകയായിരുന്നു. ഇന്ത്യയുമായി നമ്മൾ ഒരു കരാറിൽ എത്തിയിട്ടുണ്ട്. ഇനി നമ്മളല്ല, അവരാണ് തീരുവ നൽകുന്നത്. നമ്മൾ കാര്യങ്ങൾ മാറ്റിമറിച്ചു," എന്ന് ട്രംപ് പ്രസ്താവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നടപടി. എല്ലാ വ്യാപാര കരാറുകളും നിലവിലുണ്ടെന്നും എന്നാൽ വ്യത്യസ്തമായ രീതിയിലാണ് ഇപ്പോൾ അവ നടപ്പിലാക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
തീരുവകൾ ഫലപ്രദമായി ഉപയോഗിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചതായും അമേരിക്കയെ വീണ്ടും മഹത്തരമാക്കിയതായും യുഎസ് പ്രസിഡൻ്റ് ആവർത്തിച്ചു. ഇതിനിടെ പത്ത് ശതമാനം അധിക ആഗോള തീരുവ കൂടി ചുമത്തുന്നതായും ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.
Key Words : Donald Trump, US Supreme Court, US Tariff


COMMENTS