വിവാദ സിനിമയായ ‘കേരള സ്റ്റോറി – 2’ നെതിരെ രൂക്ഷവിമർശനവുമായി റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) രംഗത്തെത്തി. കണ്ണൂരിൽ നടന്ന ഒരു മ്യൂസിക് ഫെസ്റ്റി...
വിവാദ സിനിമയായ ‘കേരള സ്റ്റോറി – 2’ നെതിരെ രൂക്ഷവിമർശനവുമായി റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) രംഗത്തെത്തി. കണ്ണൂരിൽ നടന്ന ഒരു മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് വേടൻ സിനിമയ്‌ക്കെതിരെ സംസാരിച്ചത്.
സിനിമയിലൂടെ കേരളത്തിൽ ‘ഭക്ഷണ രാഷ്ട്രീയം’ കളിക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സിനിമയിലുള്ളത് വിദ്വേഷപരമായ ഉള്ളടക്കമാണെന്നും, കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാനാണ് ഇത്തരം നീക്കങ്ങളെന്നും വേടൻ പറഞ്ഞു.
ഇത്തരം സിനിമകൾ കാണുമ്പോൾ അതിലെ രാഷ്ട്രീയം തിരിച്ചറിയണമെന്നും ശരിയായ വിദ്യാഭ്യാസം നേടിയില്ലെങ്കിൽ നാളെ നമ്മളെത്തന്നെയായിരിക്കും ഇക്കൂട്ടർ ആക്രമിക്കുകയെന്നും വേടൻ കാണികളോട് പറഞ്ഞു.
താൻ ഒരു കലാകാരൻ എന്ന നിലയിൽ തന്റെ സഹമനുഷ്യരോടുള്ള കടപ്പാട് കൊണ്ടാണ് ഈ വിഷയത്തിൽ മൗനം പാലിക്കാതെ സംസാരിക്കുന്നതെന്നും വേടൻ വ്യക്തമാക്കി.
വിപിൻ അമൃത്‌ലാൽ ഷാ നിർമ്മിച്ച ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ (The Kerala Story 2: Goes Beyond) എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾ ആരംഭിച്ചത്. യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സിനിമയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Key Words : Food politics, Vedan, ‘Kerala Story – 2’

COMMENTS