ന്യൂഡൽഹി : ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് ...
ന്യൂഡൽഹി : ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു.
പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ മുൻകരുതൽ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാൽ, ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിൻ പുനഃപരിശോധനയുണ്ടാകും.
ഇന്ത്യ, അഫ്‍ഗാനിസ്ഥാൻ, ജർമനി, ഇറാൻ അടക്കമുള്ള 40 രാജ്യങ്ങൾക്കാണ് പൂർണ നിരോധനമുള്ളത്. കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും നിരോധനം ബാധകമാണ്. പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമാണ് നീക്കമെന്നാണ് വിശദീകരണം.
ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപന്നങ്ങൾക്ക് 2004 മുതൽ നിരോധനം നിലനിൽക്കുന്നുണ്ട്. ഇതിലേക്കാണ് പുതിയ രാജ്യങ്ങളെയും കൂട്ടിച്ചേർത്തത്. പക്ഷിപ്പനി പോലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും കർശന സുരക്ഷ പരിശോധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Key Words : Saudi Arabia, Ban, India


COMMENTS