കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന ഭവനപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ത...
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന ഭവനപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക തറക്കല്ലിടൽ കർമ്മം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവ്വഹിച്ചു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു.
ദുരന്തത്തെ സമാനതകളില്ലാത്ത ധീരതയോടെ നേരിട്ട വയനാടൻ ജനതയ്ക്ക് മുന്നിൽ ലോകം വിസ്മയിച്ചുനിൽക്കുകയാണെന്ന് ചടങ്ങ് നിർവഹിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ദുരന്തമുഖത്ത് ജാതി-മത ഭേദമന്യേ മനുഷ്യർ ഒന്നിച്ചുനിന്ന കാഴ്ച ഹൃദയസ്പർശിയാണെന്ന് രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു. വയനാട്ടിലെ ജനങ്ങൾ കാണിച്ച ആത്മധൈര്യം അസാമാന്യമാണ്. പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ടപ്പോഴും അവർ കാണിച്ച ആ നിശ്ചയദാർഢ്യത്തിന് ഞാൻ സാക്ഷിയാണ്. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും കൈകോർത്തത് അതിജീവനത്തിന്റെ വലിയ പാഠമാണ് എന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ ജനങ്ങളുടെ പോരാട്ടവീര്യം അവിശ്വസനീയമാണെന്ന് എം.പി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹാനി അടക്കമുള്ള അതിജീവിതരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം.വയനാട് ദുരന്തത്തിന്റെ ദൃശ്യങ്ങൾ ഒരിക്കലും മറക്കാനാവില്ല. ദുരിതബാധിതർക്ക് പരമാവധി സഹായമെത്തിക്കാൻ ഞങ്ങൾ ശ്രമിച്ചു. വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതോടെ പുനരധിവാസത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നമ്മൾ കടക്കുകയാണ്. അതിജീവനത്തിനായുള്ള നിങ്ങളുടെ ഓരോ ചുവടുവെപ്പിലും ഒപ്പമുണ്ടാകും എന്നും പ്രിയങ്ക ഉറപ്പുനൽകി.
Key Words : Rahul Gandhi, Wayanad


COMMENTS