തിരുവനന്തപുരം: തിരുവനന്തപുരം മാൾ ഒഫ് ട്രാവൻകൂറിൽ വച്ച് പൊലീസുകാരനെയും സഹോദരിയേയും എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ പോലീസുകാര...
തിരുവനന്തപുരം:
തിരുവനന്തപുരം മാൾ ഒഫ് ട്രാവൻകൂറിൽ വച്ച് പൊലീസുകാരനെയും സഹോദരിയേയും എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ പോലീസുകാരനെ തന്നെ പ്രതിയാക്കി കേസെടുത്തു. പൊലീസിന്റെ ഭാഗത്തുനിന്നു വിചിത്രമായ നടപടിയിൽ പോലീസ് സേനയിൽ അമർഷം പുകയുകയാണ്.
സിറ്റി എ.ആർ ക്യാമ്പിലെ എസ് ഐ യായ മിഥുൻ റോയിക്കാണ് (33) മർദ്ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
മിഥുനും സഹോദരിയും പിതാവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങാനാണ് മാളിലെത്തിയത്. അവിടെവെച്ച് എസ്എഫ്ഐ പ്രവർത്തകർ മിഥുനെ അസഭ്യം പറയുകയും പ്രകോപിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് മിഥുനെ അവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് പിന്നീട് പുറത്തുവിട്ടത്.
മർദ്ദനമേറ്റ മിഥുന്റെ പരാതിയിലും, തിരിച്ച് എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലും വഞ്ചിയൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ പൊലീസുകാരനായ മിഥുനും സഹോദരിക്കുമെതിരെ 'ജാമ്യമില്ലാ വകുപ്പുകൾ' ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മിഥുൻ 'ഇടിവള' ഉപയോഗിച്ച് പ്രവർത്തകരുടെ മുഖത്തും നെഞ്ചത്തും ഇടിച്ചെന്നും, സഹോദരി അവരെ അടിച്ചു കൊല്ലാൻ ആഹ്വാനം ചെയ്തെന്നുമാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് പൊലീസുകാരനെതിരെ ഇത്തരത്തിൽ കേസെടുത്തതെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ഡിസംബർ 31-ന് പുതുവത്സരാഘോഷത്തിനിടെ ശംഖുമുഖത്ത് വെച്ച് എസ്എഫ്ഐ പ്രവർത്തകരും മിഥുൻ ഉൾപ്പെട്ട പൊലീസ് സംഘവും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. അന്ന് പൊലീസ് ലാത്തിവീശുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് മാളിൽ വെച്ച് മിഥുനെ ആക്രമിച്ചതെന്നാണ് സൂചന. "നിന്റെ തിളപ്പ് മാറിയോ, ഇപ്പോൾ അടിക്കണ്ടേ" എന്ന് ചോദിച്ചായിരുന്നു ആക്രമണം.
മർദ്ദനമേറ്റ സ്വന്തം സഹപ്രവർത്തകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിൽ പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് അസോസിയേഷൻ പ്രതിനിധി സമ്മേളനത്തിൽ ഉന്നയിക്കാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ തീരുമാനം. മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ സാക്ഷിമൊഴികളും ദൃശ്യങ്ങളും പരിശോധിച്ച ശേഷം മാത്രമേ നടപടിയുണ്ടാകൂ എന്നാണ് നിലവിൽ വഞ്ചിയൂർ പൊലീസ് അറിയിച്ചിരിക്കുന്നത്.


COMMENTS