തിരുവനന്തപുരം : ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആർ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. ആർ ജെ ഡി നേതൃയോഗത്തിന് ശേഷ...
തിരുവനന്തപുരം : ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആർ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ. ആർ ജെ ഡി നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താbസമ്മേളനത്തിലാണ് അദ്ദേഹം ഈ നിർണ്ണായക തീരുമാനം അറിയിച്ചത്. വടകര മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർദ്ദേശം ഇടത് മുന്നണിയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും അത് സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ ചില മുൻഗണനകൾ നിശ്ചയിക്കേണ്ട സമയമെത്തിയതിനാലാണ് ഈ തീരുമാനമെന്നും, എന്നാൽ രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും താൻ സജീവമായി തുടരുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.
മുന്നണിയിൽ പാർട്ടിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന രൂക്ഷമായ വിമർശനവും യോഗത്തിൽ ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം എൽ ഡി എഫിലെ അച്ചടക്കമില്ലായ്മയാണെന്ന് ആർ ജെ ഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് ആരോപിച്ചു.
ആർ ജെ ഡി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ മനഃപൂർവ്വമായ ശ്രമങ്ങൾ നടന്നുവെന്നും, റിബൽ സ്ഥാനാർത്ഥികളെ നിർത്തി പാർട്ടിയെ തകർക്കാൻ നോക്കിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് വർദ്ധിപ്പിക്കാമെന്ന അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഉറപ്പ് പാലിക്കാൻ ഇന്നത്തെ സി പി എം തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
എൽ ഡി എഫിൽ നാലാം സ്ഥാനമുള്ള ആർ ജെ ഡിക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ വലിയ അനീതി നടന്നുവെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. കോവളം സീറ്റടക്കം പാർട്ടിക്ക് അർഹതപ്പെട്ടതാണെന്നും, സോഷ്യലിസ്റ്റുകൾ ഒന്നിക്കണമെന്ന് പറയുന്നവർ എന്തുകൊണ്ട് കേരള കോൺഗ്രസിനോട് അത് ആവശ്യപ്പെടുന്നില്ലെന്നും നേതാക്കൾ ചോദിച്ചു. മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കണമെന്ന കർശന നിലപാടിലാണ് ആർ ജെ ഡി. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനൊപ്പം തന്നെ പാർട്ടി ഉറച്ചുനിൽക്കുമെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.
Key Words : Electoral politics, MV Shreyams Kumar


COMMENTS