തിരുവല്ല: ആന്റോ ആന്റണി എം പി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉ...
തിരുവല്ല: ആന്റോ ആന്റണി എം പി തെരഞ്ഞെടുപ്പ് സമയത്ത് രണ്ടുകോടി രൂപ വാങ്ങിയിട്ട് തിരികെ നല്‍കിയിട്ടില്ലെന്ന് തിരുവല്ല നെടുമ്പറമ്പില്‍ ഫിനാൻസ് ഉടമ എൻ എം രാജു.
ആന്റോയ്ക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണെന്നും വിവരം ഇ ഡിയെയും ക്രൈം ബ്രാഞ്ചിനേയും അറിയിച്ചു, തന്ത്രി കണ്ഠര് രാജീവരർക്ക് സ്ഥാപനത്തില്‍ നിക്ഷേപമില്ലെന്നും ഫിനാൻസ് ഉടമ എൻ എം രാജു വ്യക്തമാക്കി.
ആന്റോ ആന്റണി 2019 തെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് പല തവണ വന്നിരുന്നു, പ്രചരണത്തിന്റെ ഭാഗമായി 2 കോടി രൂപ പലിശക്ക് നല്‍കി. രണ്ട് മാസത്തിനകം പണം നല്‍കുമെന്നാണ് പറഞ്ഞത്. വർഷം 7 കഴിഞ്ഞിട്ടും പണം നല്‍കിയിട്ടില്ല. ഇതുവരെ 20 ലക്ഷം മാത്രമാണ് നല്‍കിയത്. ഈടൊന്നും നല്‍കാതെയാണ് പണം നല്‍കിയത് എന്നും എൻ എം രാജു വ്യക്തമാക്കി.
നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു വർഷമായി ഇ ഡി അന്വേഷണം നേരിടുകയാണ് തിരുവല്ല നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിൻഡിക്കേറ്റ്, അന്വേഷണത്തിൻറെ ഭാഗമായി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. നൂറു കണക്കിന് നിക്ഷേപകരില്‍ നിന്ന് കൈപ്പറ്റിയ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻ എം രാജുവും കൂട്ടാളികളും വൻതോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇ ഡി കണ്ടെത്തിയിരുന്നു.
പത്തനംതിട്ട, എറണാകുളം ജില്ലകളിലായി ഒട്ടേറെ പൊലീസ് കേസുകള്‍ ആണ് ഈ സ്ഥാപനത്തിന്റെ തട്ടിപ്പിനെതിരെ ഉള്ളത്. 2014 മേയ് ഏഴിന് സ്ഥാപനയുടമ എൻ എം രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
2024 ജൂലൈ മുതല്‍ ഈ തട്ടിപ്പില്‍ ഇ ഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് സ്വർണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നു എന്ന ആരോപണം ഉയരുന്നത്. തന്ത്രി ഈ സ്ഥാപനത്തില്‍ രണ്ടരക്കോടി രൂപ നിക്ഷേപിച്ചിരുന്നു എന്നും, സ്ഥാപനം പൊട്ടിയപ്പോള്‍ അദ്ദേഹം പരാതിപോലും നല്‍കിയില്ലെന്നും ആയിരുന്നു ആരോപണം. ഇതില്‍ വ്യക്തത വരുത്താൻ വ്യാഴാഴ്ച ഇവിടെ ഇ ഡി റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു.
Key Words : Thiruvalla Finance Owner, Allegations , Anto Antony MP, Financial Fraud Case


COMMENTS