ന്യൂഡൽഹി: ലോകത്തെയാകെ ഞെട്ടിച്ച് ഇസ്രായേൽ ഇറാനെ ലക്ഷ്യമിട്ട് നടത്തുന്ന പുതിയ സൈനിക നീക്കത്തിന് "റോറിംഗ് ലയൺ" (ഗർജ്ജിക്കുന്ന സിംഹം)...
ന്യൂഡൽഹി: ലോകത്തെയാകെ ഞെട്ടിച്ച് ഇസ്രായേൽ ഇറാനെ ലക്ഷ്യമിട്ട് നടത്തുന്ന പുതിയ സൈനിക നീക്കത്തിന് "റോറിംഗ് ലയൺ" (ഗർജ്ജിക്കുന്ന സിംഹം) എന്ന് പേരിട്ടതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ജൂണിൽ ഇറാൻ്റെ പ്രധാന ആണവനിലയങ്ങൾ ആക്രമിക്കുകയും സൈനിക നേതൃത്വത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുകയും ചെയ്ത "റൈസിംഗ് ലയൺ" (Rising Lion - ഉദിച്ചുയരുന്ന സിംഹം) എന്ന ഓപ്പറേഷന് പിന്നാലെയാണ് പുതിയ ദൗത്യത്തിൻ്റെ പേരിലും "സിംഹം" എന്ന വാക്ക് വീണ്ടും കടന്നുവരുന്നത്.
പഴയ നിയമത്തിലെ സംഖ്യാപുസ്തകം 23:24-ലെ ഒരു വാക്യത്തെ ആസ്പദമാക്കിയാണ് അന്ന് ഇസ്രായേൽ ഈ പേര് സ്വീകരിച്ചത്: "ഒരു സിംഹിയെപ്പോലെ ജനം എഴുന്നേൽക്കുന്നു; സിംഹത്തെപ്പോലെ അവർ നിവിർന്നുനിൽക്കുന്നു; ഇരയെ വിഴുങ്ങാതെയും കൊല്ലപ്പെട്ടവരുടെ രക്തം കുടിക്കാതെയും അവർ വിശ്രമിക്കില്ല." - എന്നായിരുന്നു അത്.
യുഎസുമായി ഏകോപിപ്പിച്ച് മാസങ്ങളോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ ഓപ്പറേഷൻ നടപ്പിലാക്കുന്നതെന്നും ഏതാനും ആഴ്‌ചകൾക്ക് മുമ്പാണ് ഇതിൻ്റെ തീയതി നിശ്ചയിച്ചതെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉറവിടത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.സൈനികാക്രമണം ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ തന്റെ വസതിയായ മാർ-എ-ലാഗോയിൽ ഇരുന്നാണ് നിരീക്ഷിക്കുന്നത്. ഇറാനിലെ ജനങ്ങൾ വീടിനുള്ളിൽ തന്നെ സുരക്ഷിതമായിരിക്കണമെന്നും യുഎസ് മിസൈലുകൾ എല്ലായിടത്തും പതിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Key Words : Iran Attacked, America, Israel, War

COMMENTS