ചെന്നൈ: തമിഴ്‌നാട്ടിൽ ആയിരത്തിലധികം കാക്കകൾ ചത്തൊടുങ്ങിയതിനെ തുടർന്ന് സംസ്ഥാനവ്യാപകമായി പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചെന്ന...
ചെന്നൈ: തമിഴ്‌നാട്ടിൽ ആയിരത്തിലധികം കാക്കകൾ ചത്തൊടുങ്ങിയതിനെ തുടർന്ന് സംസ്ഥാനവ്യാപകമായി പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചെന്നൈയിലെ വിവിധ ഭാഗങ്ങളിൽ ചത്ത കാക്കകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് അവയ്ക്ക് തീവ്രവ്യാപന ശേഷിയുള്ള H5N1 വൈറസ് ബാധിച്ചതായി ഭോപ്പാലിലെ ലബോറട്ടറി സ്ഥിരീകരിച്ചിരുന്നു.
ജനുവരി അവസാന വാരം മുതൽ ഫെബ്രുവരി ആദ്യ വാരം വരെയായി ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ഏകദേശം 1,000 മുതൽ 1,500 വരെ കാക്കകൾ ചത്തതായാണ് കണക്കാക്കുന്നത്.
ചത്ത പക്ഷികളെ നേരിട്ട് സ്പർശിക്കരുതെന്നും എന്തെങ്കിലും അസ്വാഭാവികമായ മരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കാനും നിർദേശമുണ്ട്. പക്ഷികളുമായി ഇടപഴകുന്നവരും അറവുശാലകളിൽ ജോലി ചെയ്യുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. രോഗവ്യാപനം തടയാൻ കോഴിഫാമുകൾ, വന്യജീവി സങ്കേതങ്ങൾ, പക്ഷിച്ചന്തകൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിർത്തികളിൽ പക്ഷികളുടെയും പക്ഷി ഉൽപ്പന്നങ്ങളുടെയും നീക്കത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ മനുഷ്യരിലേക്ക് പടർന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
Key Words : Tamil Nadu, Alert, Bird Flu


COMMENTS