ന്യൂഡൽഹി: വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അഭി...
ന്യൂഡൽഹി: വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമർശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരും ചില ഇന്ത്യൻ ബിസിനസുകാരുടെ വിവരങ്ങളും ഉൾപ്പെട്ട പശ്ചാത്തലത്തിൽ, ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ 2017-ലെ പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനവുമായി ബന്ധപ്പെട്ട പരാമർശങ്ങളുണ്ട്. മോദി തന്റെ ഉപദേശപ്രകാരമാണ് ഇസ്രായേൽ സന്ദർശിച്ചതെന്ന് ജെഫ്രി എപ്സ്റ്റീൻ ഒരു ഇമെയിലിൽ അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ ആരോപണങ്ങളെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പൂർണ്ണമായും തള്ളി. ഇത് ഒരു കുറ്റവാളിയുടെ അടിസ്ഥാനരഹിതമായ ജല്പനങ്ങൾ മാത്രമാണെന്നും അങ്ങേയറ്റത്തെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നുമാണ് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചത്.
ഈ വിഷയം ഉയർത്തി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയമാണിതെന്നും പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് പുറമെ വ്യവസായി അനിൽ അംബാനി, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെ പേരുകളും ഈ രേഖകളിൽ പരാമർശിക്കപ്പെടുന്നുണ്ട്.
Key Words : Narendra Modi, Epstein Files, Supreme Court Chief Justice

COMMENTS