ന്യൂഡൽഹി : സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിയന്ത്രണങ്ങളിൽ വൻ ഇളവ് വരുത്തി ഭരണകൂടം. ലക്ഷദ്വീപിലെ ആൾത്താ...
ന്യൂഡൽഹി : സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ നിയന്ത്രണങ്ങളിൽ വൻ ഇളവ് വരുത്തി ഭരണകൂടം. ലക്ഷദ്വീപിലെ ആൾത്താമസമുള്ള പത്ത് ദ്വീപുകളിലെയും 'ഡാക് ബംഗ്ലാവുകൾക്ക്' മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നൽകി കളക്ടർ ഉത്തരവിറക്കി.
വിനോദസഞ്ചാര വികസനത്തിന്റെ പേരിൽ നടപ്പിലാക്കുന്ന ഈ നീക്കത്തിനെതിരെ ദ്വീപ് നിവാസികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഇരമ്പുന്നത്. ലക്ഷദ്വീപ് കളക്ടർ ഡോ. ആർ. ഗിരി ശങ്കറാണ് വിവാദമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ഡാക് ബംഗ്ലാവുകൾക്ക് മദ്യം സംഭരിക്കാനും വിതരണം ചെയ്യാനും അനുമതിയുണ്ടാകും. സാധുവായ പെർമിറ്റുള്ള വ്യക്തികൾക്ക് മാത്രമേ മദ്യം നൽകാവൂ. വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവും സ്റ്റോക്കും കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണം.
കാലങ്ങളായി ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിട്ടിരുന്ന മദ്യവിൽപ്പനയ്ക്കാണ് ഇപ്പോൾ പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഈ നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ദ്വീപിന്റെ സാംസ്കാരിക തനിമയെയും സാമൂഹിക വ്യവസ്ഥിതിയെയും തകർക്കുന്ന നടപടിയാണിതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദ്വീപിൽ മദ്യം സുലഭമായി ഒഴുക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ജനവികാരം കണക്കിലെടുക്കാതെയുള്ള ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ല എന്ന് മുൻ എം.പി പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന ലക്ഷദ്വീപിൽ ഇത്തരം ഇളവുകൾ അനുവദിക്കുന്നത് വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ-സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേക്കാം.
ഭരണകൂടത്തിന്റെ ഏകപക്ഷീയമായ ഈ തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്.
Key Words : Liquor, Lakshadweep, Heavy Protest


COMMENTS