മോസ്കോ: ഇറാനെതിരായ ഇസ്രായേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് റഷ്യ. സമാധാന ചർച്ചകളിൽ അമേരിക്കയ്ക്ക് താല്...
മോസ്കോ: ഇറാനെതിരായ ഇസ്രായേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് റഷ്യ. സമാധാന ചർച്ചകളിൽ അമേരിക്കയ്ക്ക് താല്പര്യമില്ലെന്നും നയതന്ത്രത്തെ പൂർണ്ണമായും കൈവിട്ട് അവർ തങ്ങളുടെ യഥാർത്ഥ ലക്ഷ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണെന്നും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും മുൻ പ്രസിഡന്റുമായ ദിമിത്രി മെദ്‌വദെവ് ആരോപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തനിനിറമാണ് ഈ ആക്രമണത്തിലൂടെ പുറത്തുവന്നതെന്നും ചർച്ചകൾ കേവലം പ്രഹസനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുനേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം ഗൗരവമായി കാണണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രശ്നങ്ങൾ രാഷ്ട്രീയമായും നയതന്ത്രപരമായും പരിഹരിക്കപ്പെടണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച്, പരസ്പര ബഹുമാനത്തോടെ സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളോട് സഹകരിക്കാൻ റഷ്യ സന്നദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ റഷ്യ, അടുത്തിടെ അത്യാധുനിക മിസൈലുകൾ കൈമാറുന്നതുൾപ്പെടെയുള്ള സുപ്രധാന സൈനിക കരാറുകളിൽ ഇറാനുമായി ഒപ്പുവെച്ചിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന വേളയിൽ റഷ്യയുടെ ഈ നിലപാട് ആഗോളതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
Key Words : Israel-US attack, Russia, Donald Trump, West Asia


COMMENTS