കൊച്ചി : ഭിന്നശേഷി നിയമങ്ങള്‍ അനുസരിച്ച് എയ്ഡഡ് സ്കൂളുകളില്‍ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. 2018...
കൊച്ചി : ഭിന്നശേഷി നിയമങ്ങള്‍ അനുസരിച്ച് എയ്ഡഡ് സ്കൂളുകളില്‍ സംവരണം നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. 2018 നവംബർ 18 മുതല്‍ 2021 നവംബർ 8 വരെയുള്ള കാലയളവില്‍ നിയമിക്കപ്പെട്ടവർക്ക് ശമ്പള സ്കെയിലില്‍ പ്രൊവിഷണലായും അതിനുശേഷം നിയമിക്കപ്പെട്ടവർക്ക് ദിവസവേതന അടിസ്ഥാനത്തിലും നിയമനം നല്‍കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
ഇതിനകം തന്നെ 1500-ഓളം ഭിന്നശേഷിക്കാർക്ക് നിയമനം നല്‍കിക്കഴിഞ്ഞു. കൂടാതെ, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യോഗ്യരായ 431 ഉദ്യോഗാർത്ഥികള്‍ക്ക് കൂടി 2026 ജനുവരി 24-ന് നിയമന ശുപാർശ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നായർ സർവീസ് സൊസൈറ്റിക്ക് അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി, സമാന സാഹചര്യത്തിലുള്ള മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്നാണ് സർക്കാരിന്റെ നയം. ഇതിനായി സർക്കാർ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിക്കുകയും ജയദീപ് ഗുപ്ത, ജയന്ത് മുത്തുരാജ് തുടങ്ങിയ മുതിർന്ന അഭിഭാഷകരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്
എന്നാല്‍, ഭിന്നശേഷി സംവരണത്തില്‍ NSS-ന് അനുകൂലമായ വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ സമരം ചെയ്യുന്ന കോർപ്പറേറ്റ് മാനേജ്‌മെന്റുകള്‍ കോടതിയില്‍ സർക്കാരിനെ പിന്തുണയ്ക്കാൻ അഭിഭാഷകരെ നിയോഗിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
ഫലത്തില്‍, സുപ്രീം കോടതിയില്‍ ഈ വിഷയത്തില്‍ സർക്കാർ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ 29 സ്പെഷ്യല്‍ ലീവ് പെറ്റീഷനുകളിലായി 442 പേർ സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. ഈ ഹർജിക്കാരായ അധ്യാപകരും ചില ഭിന്നശേഷി സംഘടനകളും സർക്കാരിന്റെ ആവശ്യത്തെ കോടതിയില്‍ എതിർത്തതിനാലാണ് കേസ് 2026 ഏപ്രില്‍ 14-ലേക്ക് മാറ്റിവെച്ചത്.
കോടതിയില്‍ സർക്കാരിന്റെ നീക്കങ്ങളെ എതിർത്ത ഈ ഹർജിക്കാർക്ക്, സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ആനുകൂല്യങ്ങള്‍ നല്‍കുന്നത് കോടതി അലക്ഷ്യമാകുമെന്നതിനാല്‍ സർക്കാർ ജാഗ്രത പുലർത്തുന്നുണെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
Key Words : Kerala Government, V Sivankutty, Reservation, Aided Schools


COMMENTS