ന്യൂഡൽഹി: അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ഇന്ന് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അത് പിൻവലിച്ചു. ത...
ന്യൂഡൽഹി: അസം കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ഇന്ന് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ അത് പിൻവലിച്ചു. തന്നെ പാർട്ടി അവഗണിക്കുന്നുവെന്നും അർഹമായ പരിഗണന നൽകുന്നില്ലെന്നും ആരോപിച്ച് ഇന്ന് രാവിലെയോടെയാണ് ഭൂപൻ ബോറ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും തന്റെ രാജി കത്ത് നൽകിയത്.
രാജി വാർത്ത പുറത്തുവന്നതോടെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗൗരവ് ഗോഗോയ്, എ.ഐ.സി.സി അസം ചുമതലയുള്ള ജിതേന്ദ്ര സിംഗ് തുടങ്ങിയവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചർച്ചകൾ നടത്തി. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി പിൻവലിക്കാൻ തീരുമാനിച്ചത്.
രാഹുൽ ഗാന്ധിയും അദ്ദേഹവുമായി ഫോണിലൂടെ സംസാരിച്ചതായും ഭൂപൻ ബോറയുടെ പരാതികൾ പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും വിഷമം നേരിട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ഗൗരവ് ഗോഗോയ് പറഞ്ഞു. 2021 മുതൽ 2025 വരെ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു ഭൂപൻ കുമാർ ബോറ. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന് പകരം ഗൗരവ് ഗോഗോയിയെ അധ്യക്ഷനായി നിയമിച്ചത്.
അസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭൂപൻ ബോറയെപ്പോലൊരു മുതിർന്ന നേതാവിന്റെ രാജി പാർട്ടിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നിലനിന്നിരുന്നുവെങ്കിലും തൽക്കാലം കോൺഗ്രസിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Key Words : Assam Congress , Bhupan Kumar Bora


COMMENTS