വാഷിംഗ്ടൺ: സിയാറ്റിലിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ ബിരുദ വിദ്യാർത്ഥിനി ജാൻവി കണ്ടുലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 262...
വാഷിംഗ്ടൺ: സിയാറ്റിലിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ ബിരുദ വിദ്യാർത്ഥിനി ജാൻവി കണ്ടുലയുടെ കുടുംബത്തിന് 29 മില്യൺ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ നഗരസഭ തീരുമാനിച്ചു.
2023 ജനുവരിയിൽ സിയാറ്റിലിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ജാൻവി റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗതയിൽ വന്ന പൊലീസ് പട്രോൾ വാഹനം ഇടിക്കുകയായിരുന്നു. ഒരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പോവുകയായിരുന്ന ഓഫീസർ കെവിൻ ഡേവ് മണിക്കൂറിൽ 74 മൈൽ (ഏകദേശം 119 കി.മീ) വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. ആ പ്രദേശത്തെ അനുവദനീയമായ വേഗത 25 മൈൽ മാത്രമായിരുന്നു.
അപകടത്തിന് ശേഷം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയൽ ഓഡറർ ജാൻവിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജാൻവിയുടെ ജീവിതത്തിന് "പരിമിതമായ മൂല്യം" മാത്രമേയുള്ളൂവെന്നും നഗരസഭ ഒരു ചെക്ക് എഴുതി നൽകിയാൽ മതിയെന്നും അദ്ദേഹം തമാശയായി പറയുന്നത് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.
ജാൻവിയുടെ കുടുംബം സിയാറ്റിൽ നഗരസഭയ്ക്കെതിരെ 110 മില്യൺ ഡോളറിൻ്റെ കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ ഒത്തുതീർപ്പിലൂടെ 29 മില്യൺ ഡോളർ നൽകാൻ അധികൃതർ സമ്മതിക്കുകയായിരുന്നു. ഇതിൽ 20 മില്യൺ ഡോളർ ഇൻഷുറൻസ് തുകയിൽ നിന്നാണ് നൽകുന്നത്. ഈ ഒത്തുതീർപ്പ് കുടുംബത്തിന് ആശ്വാസമാകുമെന്ന് കരുതുന്നതായി സിയാറ്റിൽ സിറ്റി അറ്റോർണി എറിക്ക ഇവാൻസ് പ്രസ്താവനയിൽ അറിയിച്ചു.
Key Words : US Accident, US Police, Compensation Money


COMMENTS