കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലെ കണക്കുകൾ തള്ളി തിരുവിതാംക...
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലെ കണക്കുകൾ തള്ളി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
അയ്യപ്പ സംഗമത്തിനായി ആകെ 3 കോടി രൂപ മാത്രമാണ് ചെലവായതെന്നും ഈ തുക മുഴുവൻ സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ ഒരു കോടി രൂപ കൂടി അധികമായി സ്പോൺസർഷിപ്പിലൂടെ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘാടനത്തിനായി 'മതപരമായ സമ്മേളനങ്ങളും പ്രഭാഷണങ്ങളും' എന്ന ഫണ്ടിൽ നിന്ന് 3 കോടി രൂപ അഡ്വാൻസ് എടുത്തിരുന്നു. എന്നാൽ സ്പോൺസർഷിപ്പ് തുക ലഭിച്ചയുടൻ 2025 ഒക്ടോബർ 17-ന് തന്നെ ഈ തുക ബോർഡിലേക്ക് പൂർണ്ണമായും തിരിച്ചടച്ചു. ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഈ പരിപാടിക്കായി ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന് പ്രശാന്ത് പറഞ്ഞു.
2025 നവംബർ 4-ന് ദേവസ്വം കമ്മീഷണർ കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ആകെ ചെലവ് ജി.എസ്.ടി ഉൾപ്പെടെ 4.5 കോടി രൂപയാണെന്നാണ് സൂചിപ്പിച്ചിരുന്നത്. ഇതിന് വിരുദ്ധമായി ഇപ്പോൾ സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലെ കണക്കുകൾ ഏത് അടിസ്ഥാനത്തിലാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോർഡിന് 3.40 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും പൊതുഫണ്ടിൽ നിന്ന് എടുത്ത തുക തിരിച്ചടച്ചിട്ടില്ലെന്നും കാണിച്ച് സ്പെഷ്യൽ കമ്മീഷണർ നൽകിയ ഓഡിറ്റ് റിപ്പോർട്ടിനെ തുടർന്നാണ് ഈ വിവാദം ഉയർന്നത്. ഇതേത്തുടർന്ന് കണക്കുകളിൽ വ്യക്തത വരുത്താൻ കേരള ഹൈക്കോടതി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Key Words : Global Ayyappa Sangam, P.S. Prashanth, Special Commissioner's report


COMMENTS