തിരുവനന്തപുരം : കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാ...
തിരുവനന്തപുരം : കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് രണ്ടര വയസ്സുകാരി മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ ഫാസിലത്തിന്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ് മരിച്ചത്. കുടുംബത്തിൻ്റെ പരാതിയിൽ ആര്യനാട് പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. പനിയും ചുമയും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് നൽകിയ ഇൻജക്ഷന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ 18-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കുഞ്ഞിന് തളർച്ചയും ശ്വാസതടസ്സവും കൺപോള തടിപ്പും അനുഭവപ്പെട്ടു. തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയിലെത്തിച്ചു. 20-ന് കൺപോള തടിപ്പിന് കാട്ടാക്കട ശ്രീനേത്ര ആശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞിന് വീണ്ടും തളർച്ചയും ബുദ്ധിമുട്ടും അനുഭവപ്പെടുകയും കാട്ടാക്കട മമൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെ ഡോക്‌ടർ പരിശോധിച്ച് രക്തവും മൂത്രവും സാമ്പിൾ എടുത്ത് പരിശോധനയക്കയയ്ക്കുകയും ചെയ്തു.
തുടർന്ന് കയ്യിൽ രണ്ട് ഇൻജക്ഷൻ എടുത്തു. ഇതോടെ കുഞ്ഞിന് അസുഖം കൂടിയതായി പരാതി ഉയർന്നു. മമൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ഒരു നേഴ്‌സും ബന്ധുക്കളോടൊപ്പം കുഞ്ഞിനെ ആംബുലൻസിൽ ഉടൻ നെയ്യാർ മെഡിസിറ്റി അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഡോക്‌ടർ പരിശോധിച്ചപ്പോൾ ഉച്ചയ്ക്ക് 12.55 മണിയോടെ കുഞ്ഞ് മരിച്ചതായി അറിയിച്ചു- പരാതിയിൽ പറയുന്നതിങ്ങനെ.
മൃതദേഹം നെയ്യാർ മെഡിസിറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷമേ കുഞ്ഞ് എങ്ങനെ മരിച്ചു എന്നുള്ളത് വ്യക്തമായി അറിയാൻ കഴിയുള്ളൂ എന്നാണ് വിദഗ്‌ധർ അഭിപ്രായപെടുന്നത്. ഇൻജക്ഷൻ നൽകിയ ഉടൻ കുട്ടിയുടെ മുഖം കോടുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതായി മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Key Words : Complaint, Medical Negligence, Private Hospital Kattakada


COMMENTS